പാലക്കാട്: ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവ മതത്തിലേക്ക് ആരെങ്കിലും പരിവർത്തനം നടത്തിയാൽ മതാധ്യക്ഷന്മാരെ തുറങ്കിലടക്കുകയാണെന്നും ഇതിന് കോടതികളും സംരക്ഷണം നൽകുന്നുവെന്നും തലശ്ശേരി രൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. പാലക്കാട് ചക്കാത്തറയിൽ കത്തോലിക്ക കോൺഗ്രസ് 107ാം ജന്മവാർഷികാഘോഷവും സാമുദായിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് ഒരു സമുദായത്തിനുവേണ്ടി സംസാരിച്ച സംഘടനയല്ല. സംഘടന നയിച്ച സമരങ്ങൾ ഒരു സമുദായത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഭരണഘടന നൽകുന്ന അവകാശംപോലും നിഷേധിക്കുന്ന കോടതിവിധികൾ സമുദായത്തിനെതിരായി വരുന്നു. ഒരു ദലിതൻ ക്രിസ്ത്യാനിയായാൽ ആ കാരണത്താൽ അവകാശങ്ങൾ നിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ. അത് ഒരു മതത്തിന്‍റെ പേരിലുള്ള നിഷേധമാണ്. ജെ.ബി. കോശി കമീഷൻ ഇനിയും നടപ്പാക്കിയിട്ടില്ല. സർക്കാർ ഇപ്പോഴും അതിൽ അടയിരിക്കുകയാണ്. പാലോളി മുഹമ്മദ് കുട്ടി കമീഷൻ റിപ്പോർട്ടിൽ 21 ദിവസത്തിനുള്ളിൽ നടപടിയെടുത്തു. ഇടത് സർക്കാർ വന്ന ഒമ്പതു വർഷത്തിനുള്ളിൽ 1008 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോബ് പോർട്ടൽ പീറ്റർ കൊച്ചുപുരയ്ക്കലും ഇക്കോഷോപ് ജോസഫ് പാംപ്ലാനിയും ഉദ്ഘാടനം ചെയ്തു. ചെറിയാൻ ആഞ്ഞിലിമൻ, ഫിലിപ്പ് കവിയിൽ, ജേക്കബ് മനത്തോടത്ത്, അഡ്വ. ബോബി ബാസ്റ്റിൻ, ട്രീസ ലിസ് സെബാസ്റ്റ്യൻ, മൈക്കിൾ വെട്ടിക്കാട്ട്, അഡ്വ. പറയന്നിലം, വി.വി. അഗസ്റ്റിൻ, എം.എം. ജേക്കബ് മുണ്ടക്കൽ, അരുൺ കലമറ്റത്തിൽ, ഡേവിഡ് ഇടക്കളത്തൂർ, ജോസഫ് മാത്യു പാറേക്കാട്ട്, സണ്ണിമാത്യു നെടുപുറം, ബീന തകരപ്പള്ളിൽ, അഭിഷേക് പുന്നാംതടത്തിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തോമസ് ആന്റണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.