തിരുവനന്തപുരം: ധനസെക്രട്ടറിയായിരുന്ന ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുകയും വനംമേധാവി ഗംഗാ സിങ് വിരമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് പുതിയ ധനസെക്രട്ടറി.
നികുതി, ആസൂത്രണകാര്യം എന്നീ ചുമതലകൾക്ക് പുറമെ, റീ ബിൽഡ് കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ചുമതലയും ജ്യോതിലാലിനുണ്ട്. ഗംഗാ സിങ് വിരമിച്ച ഒഴിവിൽ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹക്ക് വനംവകുപ്പിന്റെ പൂർണ അധികചുമതല നൽകി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയോഗിച്ചു. ഊർജ വകുപ്പ്, എസ്.സി-എസ്.ടി വികസനം, പിന്നാക്ക വിഭാഗ വികസനം എന്നീ വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറി അധിക ചുമതലയും പുനീത് കുമാറിനുണ്ട്.
ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ അധികചുമതല വഹിക്കും. മരാമത്ത് സെക്രട്ടറി കെ. ബിജുവിന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ കൂടി ചുമതലയും നൽകി. മുഖ്യമന്ത്രിക്ക് കീഴിലുള്ള മെട്രോ, സംസ്ഥാനവുമായി ബന്ധപ്പെട്ട വ്യോമകാര്യം, മന്ത്രി വി. അബ്ദുറഹ്മാന് കീഴിലുള്ള സംസ്ഥാനതല റെയിൽവേ കാര്യം എന്നീ ഗതാഗത ചുമതലകളാണ് ബിജുവിനുണ്ടാകുക. തദ്ദേശ വകുപ്പ് സെക്രട്ടറി കേശവേന്ദ്രകുമാറിനെ ധനവകുപ്പ് (എക്സ്പെൻഡിച്ചർ) സെക്രട്ടറിയായി നിയമിച്ചു.
വ്യവസായ വികസന കോർപറേഷൻ എം.ഡി മിർ മുഹമ്മദ് അലിയെ കെ.എസ്.ഇ.ബി സി.എം.ഡിയായി നിയോഗിച്ചു. ഈ തസ്തിക സ്പെഷൽ സെക്രട്ടറിയുടെ തസ്തികക്ക് തുല്യമാക്കിയാണ് നിയമനം. വ്യവസായ വികസന കോർപറേഷൻ എം.ഡി, ഊർജവകുപ്പ് സ്പെഷൽ സെക്രട്ടറി എന്നീ ചുമതലകളും മിർ മുഹമ്മദ് അലിക്കുണ്ട്. ലാൻഡ് റവന്യൂ കമീഷണർ ഡോക്ടർ എ. കൗശികന് സൈനിക ക്ഷേമ വകുപ്പിന്‍റെ അധിക ചുമതല നൽകി. ഗുരുവായൂർ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം എന്നിവയുടെ നിലവിലെ കമീഷണർ ചുമതലയിലും കൗശികൻ തുടരും. ജല അതോറിറ്റി എം.ഡി ജീവൻ ബാബുവിന് തീര സംരക്ഷണവുമായി ബന്ധപ്പെട്ട എ.ഡി.ബി പദ്ധതിയുടെ മിഷൻ ഡയറക്ടർ ചുമതല കൂടി നൽകി.
സാമൂഹിക നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും. നിലവിൽ അദീല വഹിച്ചിരുന്ന വനിത ശിശു വികസന വകുപ്പിലെ ചുമതല ഒഴിവാക്കി. ധനവകുപ്പ് അഡീഷനൽ സെക്രട്ടറി (എക്സ്പെൻഡിച്ചർ) ഡോ.എസ്. ചിത്രയെ തദ്ദേശ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.