മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം നൽകാൻ ആഗ്രഹം, പൂരം ഗംഭീരമാക്കിയതിന് നന്ദി : സുരേഷ് ഗോപി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ഗംഭീരമാക്കിയതിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാൻ അഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ്‌ ഗോപി. മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ച് ഗാലറിയിൽ ഇരുന്നിട്ടില്ല. അദ്ദേഹം ഓടി നടന്ന് കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്നും സുരേഷ്‌ ഗോപി കൂട്ടിച്ചേർത്തു.

സഹോദരതുല്യനായ മന്ത്രി കെ.രാജനു നൽകാനായി താൻ കൊണ്ടുവന്ന മുണ്ട് കലക്ടർ അർജുൻ പാണ്ഡ്യനെ ഏൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃശൂർ പൂരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളാണ് സുരേഷ് ഗോപിക്ക് ജയിക്കാൻ അവസരമൊരുക്കിയതെന്ന് സി.പി.ഐ അടക്കം വിമർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ അഭിനന്ദനം.

എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതുകൊണ്ട് പൂരം ഇത്തവണ ഗംഭീരമായി നടത്താൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ വാസവനും ഓരോ കാര്യങ്ങളിലും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. 

'തൃശൂരുകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്ക് നന്ദി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വി.എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. രാജൻ പൂരം ആസ്വദിച്ചിട്ടില്ല. ഒരു ഗ്യാലറിയിലും ഇരുന്നിട്ടില്ല. അദ്ദേഹം പൂരപ്പറമ്പ് മുഴുവൻ ഓടിനടന്ന് പ്രവർത്തിക്കുകയായരുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു' സുരേഷ് ഗോപി പറഞ്ഞു.

കലക്ടർ, പൊലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങി പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.