ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽ.ഡി.എഫ് പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തു. ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണത്തിൽ വന്നാൽ കലഹമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി പറവൂർ യൂനിയന്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ പഠിച്ചശേഷമാണ് എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പറയുന്നത്. എക്‌സിറ്റ് പോളുകൾ എല്ലാകാലവും എല്ലായിടത്തും ശരിയാകണമെന്നില്ല. യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്. യു.ഡി.എഫ് ഭരണത്തിൽ വരാൻപോകുന്നില്ല. ഇനി വന്നാൽത്തന്നെ എന്താകും സ്ഥിതി. കലഹമല്ലേ നടക്കുക. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി എത്രപേരാണ് പരസ്പരം മത്സരിക്കുന്നത്. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഭരണം കിട്ടിയാലുള്ള സ്ഥിതിയെന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്നാൽ ദോഷമെന്താണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് വെള്ളാപ്പളി മറുപടി നൽകിയത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയല്ലേ ബി.ജെ.പി. ഇപ്പോൾ ബംഗാളിലും അവർക്ക് ഭൂരിപക്ഷം കിട്ടാൻ പോകുന്നു. ബി.ജെ.പിയെ എന്തിനാണ് ചെറുതായി കാണുന്നത്. ഇന്ത്യയിൽ ഇന്ന് മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബി.ജെ.പിയാണ് ഭരിക്കുന്നത്. അവരുടെ ഭരണം മോശമാണെന്നൊന്നും പറയാനൊക്കില്ല. ബി.ജെ.പി ഇവിടെ ജയിച്ചാൽ അതൊരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ ഒന്നോ രണ്ടോ സീറ്റിൽ ജയിക്കുന്നതിൽ പേടിക്കാനൊന്നുമില്ല. തിരുവനന്തപുരം ജില്ലയിലാണ് ബി.ജെ.പിക്ക് കൂടുതൽ വിജയസാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി 14 സീറ്റ് പിടിക്കുമെന്നാണ് പറയുന്നത്. എന്നാൽ, അത്രയും സീറ്റുകളൊന്നും കിട്ടില്ല. എങ്കിലും അവർ അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ വിവാദ പരാമർശങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ അതിന് ആരും പരിഭവം വിചാരിച്ചിട്ട് കാര്യമില്ല. കോൺഗ്രസിന്റെ ഹൈകമാൻഡ് ഇപ്പോൾ പാണക്കാട്ടാണെന്നും യു.ഡി.എഫ് വന്നാൽ ഭരണം നിയന്ത്രിക്കുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.