എന്റെ മീശ എനിക്ക് ഭയങ്കര ഇഷ്ടമാണ് -മീശക്കാരി ഷൈജ പറയുന്നു

കൂത്തുപറമ്പ്: 'എന്തിനാ ഇങ്ങനെ മീശ വെക്കുന്നത് എന്ന് എന്നോട് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ മീശ എടുക്കാൻ ഒരുപാട് സംവിധാനങ്ങളില്ലേ? മീശ എടുത്തൂടേ? എന്നൊക്കെ... എന്നാൽ എനിക്ക് മീശ എടുക്കാൻ ഇതുവരെ തോന്നീട്ടില്ല കേട്ടോ.. സത്യത്തിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ മീശ.. എത്ര ഇഷ്ടാന്ന് ചോദിച്ചാൽ എന്ത് പറയണമെന്ന് അറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് മീശ' -മീശക്കാരി ഷൈജ ചിരിച്ചുകൊണ്ട് മനം തുറന്നു. കണ്ണൂർ കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജയാണ് സ്വന്തം മീശയിൽ ഇത്രമേൽ അഭിമാനം കൊള്ളുന്നത്.

 'എന്തിനാ ആണുങ്ങളെ പോലെ മീശ വെച്ച് നടക്കുന്നേ, നീ പെണ്ണല്ലേ എന്നൊക്കെ ചോദിച്ച് ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട്. അതേ, ഞാൻ പെണ്ണാണ്. പക്ഷേ, എന്റെ മീശ ഞാൻ കളയില്ല. മോളുടെ സ്കൂളിൽ പോകുമ്പോഴും മറ്റും അമ്മമാർ എന്റെ മീശ നോക്കി ചിരിക്കുകയും പറയുകയും ഒക്കെ ചെയ്യാറുണ്ട്. ഞാൻ അതൊന്നും കാര്യമാക്കാറില്ല. ആശുപത്രിയിലും അമ്പലത്തിലും കല്യാണത്തിനും ഒക്കെ പോകുമ്പോൾ മീശയെകുറിച്ച് മിക്കവരും പറയാറുണ്ട്. അതൊന്നും എനിക്ക് പ്രശ്നമല്ല. ഈയിടെ യൂട്രസിന്റെ ഓപ്പറേഷൻ ചെയ്യാൻ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ തമാശയായി 'മീശയെടുക്കട്ടേ' എന്ന് ചോദിച്ചു. 'അയ്യോ എടുക്കല്ലേ.. എടുത്താൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല' എന്ന് പറഞ്ഞു. വെറുതെ പറഞ്ഞതാണെന്നും അതാലോചിച്ച് ബി.പി കൂ​ട്ടേണ്ട എന്നും ഡോക്ടർ പറഞ്ഞു' -മീശക്കാരി ഷൈജ മീശ പിരിച്ചുകൊണ്ട് ഓർത്തെടുത്തു.


'എന്റെ വീട്ടുകാരോ ഭർത്താവോ മോളോ ആങ്ങളയോ ഒന്നും മീശക്കെതിരെ പറഞ്ഞിട്ടില്ല. പുരികം പ്ലക്ക് ചെയ്യാനും മറ്റും ഞാൻ പോകുന്ന ബ്യൂട്ടീഷ്യനായ സുഹൃത്തും ഇതുവരെ എന്റെ മീശമേൽ കൈവെച്ചിട്ടില്ല. നെഗറ്റീവ് പറയുന്ന ഒരുപാട് പേരുണ്ട്. പക്ഷേ, അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. കാരണം, എനിക്ക് വലുത് എന്റെ മീശയാണ്. അത് ഒരിക്കലും എടുത്ത് കളയില്ല...! ദൈവം തന്നതാണ്. അതവിടെ നിന്നോട്ടേ എന്നേ പറയാനുള്ളൂ.. വീട്ടുകാർക്കും കെട്ടേിയോനും ഇല്ലാത്ത വിഷമം നാട്ടുകാർക്ക് വേണ്ട. മീശയെടുക്കുന്ന കാര്യത്തിൽ നോ കോംപ്രമൈസ്!! എനിക്കത്രക്കും ഇഷ്ടാടോ എന്റെ മീശ!!!' ഷൈജ പറഞ്ഞു നിർത്തി.

10 വർഷം മുമ്പാണ് പൊടിമീശ വന്നുതുടങ്ങിയത്. ഇപ്പോൾ ഫേസ്ബുക്കിൽ മീശക്കാരി എന്ന പേരിൽ പേജ് തുടങ്ങിയിട്ടുണ്ട്. പാലക്കാട് സ്വദേശി ലക്ഷ്മണനാണ് ഭർത്താവ്. മകൾ അശ്വിക 10-ാം ക്ലാസിൽ പഠിക്കുന്നു. രണ്ടുപേരും മീശക്ക് കട്ടസപ്പോർട്ടുമായി ഒപ്പമുണ്ട്.

Tags:    
News Summary - I love my moustache too much - Meeshakkari Shaija

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.