'എന്നെ അച്ചടക്കം പഠിപ്പിക്കുന്നവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴി എന്‍റെ കൈയിലുണ്ട്' തൃശൂരിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ലാലി ജെയിംസ്

തൃശൂര്‍: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ കോണ്‍‌ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി കൗണ്‍സിലർ ലാലി ജെയിംസ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി. നിജി ജസ്റ്റിനെ മേയറാക്കിയത് പണം കൈപ്പറ്റിയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ലാലി വീണ്ടും ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ലാലിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം ഒരുങ്ങുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരുന്നവരെ അച്ചടക്കം പഠിപ്പിക്കുമെന്ന പ്രസ്താവനയുമായി ലാലിയെത്തിയത്.

'എന്നെ അച്ചടക്കം പഠിക്കാൻ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജൻ പല്ലന്റെ കാര്യങ്ങൾ അടക്കം കൂടുതൽ വെളിപ്പെടുത്തൽ നടത്തും. രാജൻ പല്ലൻ സ്വന്തം ഉയർച്ചക്കാണ് നിൽക്കുന്നത്. പാർട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കാൻ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിർത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തൽ എന്റെ കൈയിലുണ്ട്.' ലാലി പറഞ്ഞു.

മടിയിൽ കനമുള്ളവന്റെ കൂടെ ആളുകൾ കൂടുന്ന ചരിത്രമാണ് തൃശൂരിലുള്ളതെന്നും അവർ പറഞ്ഞു. ദീപാദാസ് മുൻഷിയും കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ. മേയർ സ്ഥാനാർഥിക്കുള്ള വോട്ട് കോൺഗ്രസിനുള്ള വോട്ടാണ്. എന്റെ പാർട്ടിയെ സ്‌നേഹിക്കുന്നു. കേവലം നാലഞ്ച് പേരടങ്ങിയതല്ല പാർട്ടി. അതുകൊണ്ട് താൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും കോൺഗ്രസിന് വോട്ട് ചെയ്യുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

പണം വാങ്ങിയാണ് നിജി ജസ്റ്റിന് മേയർ പദവി നൽകിയതെന്ന് അവർ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. 'നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. കർഷക കുടുംബത്തിലെ അംഗമാണ്.' ലാലി ജെയിംസ് പറ‍ഞ്ഞു.

ആദ്യഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് തന്‍റെ പേരാണ് ഉയർന്നവന്നതെങ്കിലും അവസാനത്തെ മൂന്ന് ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു. 'മേയർ പദവി എനിക്ക് അർഹതപ്പെട്ടതാണെന്ന് എനിക്കും ജനങ്ങൾക്കും അറിയാം. തൃശൂർ നഗരത്തിൽ മേയർ ആരാകണമെന്ന് ഒരു സർവേ നടത്തിയാൽ ഞാൻ തന്നെയാകും മുന്നിൽ. എനിക്ക് വലുത് പാർട്ടിയാണ്. ദീപാദാസ് മുൻഷിക്കോ, കെ.സി വേണുഗോപാലിനോ ഇവിടുത്തെ വാർഡുകളെക്കുറിച്ചോ പ്രയത്‌നിച്ചവരെക്കുറിച്ചോ കഷ്ടപ്പെട്ടവരെക്കുറിച്ചോ അറിയാതെ പോകുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. മേയര്‍ പദവിയില്‍ ടേം വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. അഞ്ചുവർഷവും ഒരാൾ തന്നെ ഭരിക്കണം. മേയറായി അഡ്വ.സുബി ബാബു വരട്ടെ. ഇനി മേയറാകാനോ സ്റ്റാൻഡിങ് കമ്മിറ്റിയാകാനോ മറ്റേതെങ്കിലും പദവിയിലേക്കോ ഇനി ഞാനില്ല.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ല. എന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കും.'ലാലി പറഞ്ഞു.

ലാലി ജയിംസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നായിരുന്നു നിയുക്ത മേയർ നിജി ജസ്റ്റിന്‍റെ പ്രതികരണം. അതേസമയം, പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് ഡോക്ടര്‍ നിജി ജസ്റ്റിനെ മേയറാക്കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് പറഞ്ഞു. ലാലി നാലുപ്രാവശ്യം നിന്നിട്ട് ആര്‍ക്കാണ് അവര്‍ പെട്ടി കൊടുത്തതെന്നും ഡി.സി.സി പ്രസിഡന്‍റ് ചോദിച്ചു. തൃശൂര്‍ ഡി.സി.സി വൈസ് പ്രസിഡന്‍റായ ഡോ. നിജിയെ ഇന്നലെ രാവിലെയാണ് കെ.പി.സി.സി നേതൃത്വം മേയറായി തീരുമാനിച്ചത്. ഉച്ചയോടെ ലാലി ജയിംസിനെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ ഭിന്നത രൂക്ഷമായി. ഇരുവര്‍ക്കും പുറമെ സുബി ബാബുവിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

തൃശൂർ കോർപറേഷനിൽ ഡോ. നിജി ജസ്റ്റിനെ മേയറായും എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും യു.ഡി.ഫ് പ്രഖ്യാപിച്ചിരുന്നു. 33 അംഗങ്ങളുള്ള കോൺഗ്രസിന് 56 അംഗ കോർപറേഷനിൽ ലഭിച്ചത് വലിയ ഭൂരിപക്ഷമാണ്. പത്തു വർഷത്തിനുശേഷം എൽ.ഡി.എഫിന് ഭരണം നഷ്ടമായ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 33 , എൽ.ഡി.എഫ് 13, എൻ.ഡി.എ എട്ട് എന്നിങ്ങനെയാണ് മുന്നണികൾ സീറ്റുകളിൽ വിജയിച്ചത്. 

Tags:    
News Summary - 'I have the means to discipline those who discipline me', Lali James lashes out at leadership in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.