‘പുരോഗമന സഖാക്കന്മാരുടെ കാപട്യം’; കെ.ഇ.എന്നിനെ വിമർശിച്ചതിൽ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാർ

കോഴിക്കോട്: കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ ഇടതുപക്ഷ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതുപക്ഷം അണിയുന്നത് കപടവേഷമെന്നാരോപിച്ച് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാർ. അപരന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന കാലത്തെ കുറിച്ച് സിദ്ധാന്തം ചമയ്ക്കുന്നവരുടെ കാപട്യത്തിന്റെ ആഴം കെ.ഇ.എന്നിനെ കുറിച്ചുള്ള പുരോഗമന സഖാക്കന്മാരുടെ വാട്സ്ആപ് സന്ദേശത്തിൽ വ്യക്തമാണെന്ന് ശ്യാംകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

‘സ്വത്വരാഷ്ട്രീയം എന്ന് നാഴികക്ക് നാൽപ്പതുവട്ടം തോരാതെ പ്രസംഗിക്കുന്നവർ അവരുടെ ഭരണകാലത്ത് സമസ്തരംഗങ്ങളിലും വരേണ്യരെയാണ് അധികാര സ്ഥാനങ്ങളിൽ കുത്തിനിറച്ചത്. ദലിത് വിദ്യാർഥികളുടെ ഇ-ഗ്രാന്റ് പോലും നിഷേധിച്ചവരുടെ സ്വത്വപ്രസംഗം സവർണതക്ക് വേണ്ടിയുള്ള ആഹ്വാനം മാത്രമാണ്.’ -ശ്യാംകുമാർ ആരോപിച്ചു.

സ്വത്വരാഷ്ട്രീയമെന്ന് പറഞ്ഞ് പാർശ്വവൽകൃതരുടെ സാംസ്കാരിക രാഷ്ട്രീയ മുന്നേറ്റങ്ങളെ തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെ.ഇ.എന്നിനെതിരായ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് സുവ്യക്തമാണ്. ഇടതുപക്ഷം എന്ന് ലേബലുമായി നടക്കുന്നവരുടെ ഉള്ളിൽ നിന്നും മായാത്ത വരേണ്യതയും പാർശ്വവൽക്കൃതരോടുള്ള അയിത്ത കാഴ്ചപ്പാടുമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നതെന്ന് സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ സെമിനാറിൽ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ പങ്കെടുപ്പിക്കുന്നതിനെ വിമർശിച്ചാണ് ഇടതുപക്ഷ വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം വന്നത്. സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടടക്കം കെ.ഇ.എന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കിയിരുന്നു.

ടി.എസ്. ശ്യാംകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അപരന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന കാലത്തെ കുറിച്ച് സിദ്ധാന്തം ചമയ്ക്കുന്നവരുടെ കാപട്യത്തിന്റെ ആഴം കെ.ഇ.എൻ നെ കുറിച്ചുള്ള പുരോഗമന സഖാക്കന്മാരുടെ വാട്സാപ്പ് സന്ദേശത്തിൽ വ്യക്തമാണ്. പൊതുവെ വിചാരിക്കുക ഇതിപ്പോൾ തുടങ്ങിയ ഒന്നാണെന്നാണ്; അല്ലേയല്ല. അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവർ ശക്തമായി രാഷ്ട്രീയം പറയാൻ തുടങ്ങിയപ്പോൾ "സ്വത്വരാഷ്ട്രീയം" എന്ന പുസ്തകം എഡിറ്റ് ചെയ്ത് പാർശ്വവൽക്കൃത സമൂഹങ്ങളുടെ രാഷ്ട്രീയ ഉണർവിനെയും സാംസ്കാരിക സമരങ്ങളെയും തടയാൻ ശ്രമിച്ചവരാണ് വരേണ്യപുരോഗമനക്കാരിൽ ഭൂരിഭാഗവും.

സ്വത്വരാഷ്ട്രീയം എന്ന് നാഴികക്ക് നാല്‌പ്പത്‌വട്ടം തോരാതെ പ്രസംഗിക്കുന്നവർ അവരുടെ ഭരണകാലത്ത് സമസ്തരംഗങ്ങളിലും വരേണ്യരെയാണ് അധികാര സ്ഥാനങ്ങളിൽ കുത്തിനിറച്ചത്. ദലിത് വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ് പോലും നിഷേധിച്ചവരുടെ സ്വത്വ പ്രസംഗം സവർണതക്ക് വേണ്ടിയുള്ള ആഹ്വാനം മാത്രമാണ്.

ഇന്ന് MG യൂണിവേഴ്സിറ്റിയിൽ ഗവർണർ പരിവാരികളെ തിരുകി കയറ്റി എന്ന് ആക്ഷേപിക്കുന്നവർ അവരുടെ ഭരണകാലത്ത് എന്താണ് സർവകലാശാലകളിൽ ചെയ്തത് എന്നും പരിശോധിക്കേണ്ടി വരും. കാലിക്കറ്റ് സർവകലാശാലയിൽ കൊടിയ സംവരണ അട്ടിമറി നടത്തിയത് പുരോഗമന സിൻഡിക്കേറ്റാണ്. ഇവർക്ക് പരിവാരികളെ തിരുകിക്കയറ്റി എന്ന് വിമർശിക്കാൻ എന്ത് ധാർമിക അവകാശമാണുള്ളത്. പത്ത് കൊല്ലം ഭരിച്ചിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പോലും അധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പിലാക്കാൻ തുനിയാത്തവരുടെ പരിവാർ വിമർശനത്തിൽ ധാർമികതയുടെ കണിക പോലുമില്ല.

സ്വത്വരാഷ്ട്രീയം എന്ന് പറഞ്ഞുകൊണ്ട് പാർശ്വവൽകൃതരുടെ സാംസ്കാരിക രാഷ്ട്രീയ മുന്നേറ്റങ്ങളെ തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കെ.ഇ.എൻ നെതിരായ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് സുവ്യക്തം. സംവരണ അട്ടിമറികൾ നടത്തിയും ദലിത് മുസ്ലീം വിഭാങ്ങളിൽ നിന്നുള്ള എഴുത്തുകാരെ സ്വത്വ ചാപ്പ കുത്തി ഒതുക്കാനുമുള്ള സവർണ പുരോഗമന ഗൂഢ സംഘങ്ങളുടെ ശ്രമങ്ങൾ കേരളത്തിലെ പാർശ്വവൽക്കൃത ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

"നമ്മുടെ ആൾക്കാർ പ്രസംഗിക്കാൻ ഉണ്ടല്ലോ"

എന്നതിന്റെ അർത്ഥം വേണ്ടത്ര വരേണ്യർ ഉള്ളപ്പോൾ എന്തിനാണ് കെ.ഇ.എൻ നെ പോലുള്ളവരെ പ്രസംഗിക്കാൻ വിളിക്കുന്നതെന്ന അസ്പൃശ്യതയുടെ പുതിയ സിദ്ധാന്തമാണ് പുരോഗമന വരേണ്യക്കൂട്ടം ചമയ്ക്കുന്നത്.

കേരളത്തിൽ പരസ്യമായി വംശീയത പറഞ്ഞു നടന്നവരെ ഒരിക്കൽ പോലും വിമർശിക്കാതെ, യോഗി ജിയുടെ ആശംസാപത്രം അഭിമാനപൂർവം ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ച, നാർക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച ബിഷപ്പ് പണ്ഡിതനാണെന്ന് പ്രശംസാപത്രം നൽകിയ, ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ പുരോഗമനക്കൂട്ടങ്ങൾക്ക് കെ.ഇ.എൻ നാണ് ഏറ്റവും വലിയ "പ്രശ്നക്കാരൻ". ഇടതുപക്ഷം എന്ന് ലേബലുമായി നടക്കുന്നവരുടെ ഉള്ളിൽനിന്നും മായാത്ത വരേണ്യതയും പാർശ്വവൽക്കൃതരോടുള്ള അയിത്ത കാഴ്ചപ്പാടുമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്.

Full View


Full View



Tags:    
News Summary - 'Hypocrisy of Progressive Comrades': Activist TS Syam Kumar slams Left for criticizing KEN Kunhahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.