മമ്മൂട്ടിയുടെ ‘വിദ്യാമൃതം-6’ സൗജന്യ വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തുകൊണ്ട് നാടിന് സമർപ്പിച്ചു. എം.ജി.എം ഗ്രൂപ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ തുടങ്ങിയവർ സമീപം

മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ പദ്ധതി ആറാം വർഷത്തിലേക്ക്; വയനാട്ടിലെ ദുരന്തബാധിതരായ കുട്ടികൾക്ക് പ്രത്യേക കരുതൽ

കൊല്ലം: വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർഥികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസ സൗകര്യവും പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്നൊരുക്കുന്ന ‘വിദ്യാമൃതം-6’ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു.

മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എം.ജി.എം ഗ്രൂപ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കെയർ ആൻഡ്‌ ഷെയർ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ, എം.ജി.എം ഗ്രൂപ് ട്രസ്റ്റ് ഡയറക്ടർ ജൈനമ്മ യോഹന്നാൻ, എം.ജി.എം കോളജസ് എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. അഹിനാസ്, എൻ. ജയചന്ദ്രൻ, നിതിൻ ചിറത്തിലാട്ട് തുടങ്ങിയവർ പങ്കെടുത്തു

എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിർധന വിദ്യാർഥികൾക്ക്, കേരളത്തിൽ 31 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം ഗ്രൂപ്പുമായി ചേർന്ന് ‘വിദ്യാമൃതം-6’ലൂടെ തുടർപഠനത്തിന് അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ.

അതീവ പരിമിത ജീവിതസാഹചര്യങ്ങൾ മൂലം മികച്ച പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിക്കാത്തവർക്ക് തുണയാകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.ജി.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ എൻജിനീയറിങ്, ഫാർമസി, പോളിടെക്‌നിക് കോളജുകളിലെ കോഴ്സുകളിലും ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ കോഴ്‌സുകളിലുമായിരിക്കും 100 ശതമാനം ട്യൂഷൻ ഫീസ് ഇളവോടെ പ്രവേശനം നൽകുന്നത്.

എസ്.എസ്.എൽ.സിയുടെയും പ്ലസ് ടുവിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 250 വിദ്യാർഥികൾക്കാണ് ഈ വർഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. ‘വിദ്യാമൃതം’ പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഫോൺ: 994648 5111, 994648 4111.

Tags:    
News Summary - Mammootty's 'Vidyamrutham' project enters its sixth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.