തിരുവനന്തപുരം: എക്സാലോജിക്കുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾക്കെതിരായ ഇ.ഡി കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് ഇപ്പോൾ സി.പി.എം പറയുന്നതെന്നും ഇതുതന്നെയാണ് താൻ തുടക്കംമുതൽ പറഞ്ഞതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇ.ഡി സമൻസ് നൽകിയപ്പോൾ ആരും ഇഷ്ടിക കൈയിലെടുത്തില്ലല്ലോ. കേസ് രാഷ്ട്രീയമാണെങ്കിൽ സി.പി.എമ്മിന് രാഷ്ട്രീയമായി എതിർക്കാൻ അവകാശമുണ്ട്. തങ്ങൾ അതിനെ ചോദ്യംചെയ്യുന്നില്ല. ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്താൻ വരുമ്പോൾ അവരുടെ വണ്ടി തല്ലിപ്പൊളിക്കുന്നതും അതിനകത്തിരിക്കുന്നവരെ അടിക്കുന്നതും ക്രമസമാധാന പ്രശ്നമാണ്. അവിടെ പൊലീസ് ഇടപെടും. ഇതൊന്നും കേരളത്തിൽ നടക്കില്ല. ഇ.ഡി കേസ് നിർത്തിവെക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതാണ്. പിന്നെ കേസ് എങ്ങനെ അന്വേഷിക്കണം, സമൻസ് അയക്കാമോ എന്നൊക്കെ പറയാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമാണുള്ളത്. 55 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തത്.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വന്ന് പിണറായി വിജയനെതിരെ സംസാരിച്ചത് സംസ്ഥാന നേതാക്കൾ പറഞ്ഞിട്ടാണെന്ന് രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണി യോഗത്തിൽ പറഞ്ഞെന്ന സി.പി.എം ആരോപണങ്ങളെക്കുറിച്ച ചോദ്യത്തിന് തനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും താൻ ആ യോഗത്തിൽ പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുൽ ഗാന്ധിയോട് താൻ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് കേരളത്തിലെ രാഷ്ട്രീയം നന്നായി അറിയാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കാലത്ത് താൻ അദാനിയെ കണ്ടത് ഇവിടെ മന്ത്രിസഭ ഉണ്ടാക്കാനാണോ?. അദാനിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. തനിക്ക് അദാനിയുമായി എന്താണ് ബന്ധം. ചുമ്മാ ഓരോന്ന് പറയുകയാണ്. താൻ അന്ന് കണ്ട എല്ലാ ആളുകളുടെയും ഫോട്ടോ കാണിച്ചുതരാം. കേരളത്തിൽ ബന്ധമുള്ളയാളെയാണ് താൻ കണ്ടത് - സതീശൻ കൂട്ടിച്ചേർത്തു.
പി.എം ശ്രീ പദ്ധതിയിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ നിയമപരമായ ബാധ്യതകൾ പരിശോധിച്ച് തീരുമാനമെടുക്കും. സർക്കാറുകൾ തുടർച്ചയാണ്. വ്യക്തികളല്ല കരാർ ഒപ്പുവെക്കുന്നത്. ഭരണതലത്തിൽ ആളുകൾ മാറിയെങ്കിലും കേരള സർക്കാറിന് ഉത്തരവാദിത്തമുണ്ട്. നിയമപരമായ വശം പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ല. ലേബർ കോഡ്, പി.എം ശ്രീ, പി.എം.എ.വൈ വിഷയങ്ങളിൽ സർക്കാർ തീരുമാനമെടുക്കും. - മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.