കോഴിക്കോട്: യു.ഡി.എഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഇ.കെ സമസ്ത മുഖപത്രം ‘സുപ്രഭാതം’. കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നതിൽ അതീവ ജാഗ്രത കാണിക്കുകയാണെന്നും വിവാദമായ പി.എം ശ്രീയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ വ്യക്തതയില്ലെന്നും മുഖപ്രസംഗം പറയുന്നു.
കേരളത്തിൽ ഭരണമാറ്റത്തോടെ, കൂടുതൽ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സർക്കാറിനെയാണ് ജനങ്ങൾ മനസിൽ കണ്ടത്. എന്നാൽ, ആ വിശ്വാസത്തെ തോൽപ്പിക്കുന്ന കാൽവെപ്പുകളാണ് സതീശൻ സർക്കാറിന്റെ ആദ്യദിനങ്ങളിലുണ്ടായതെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. കേരളത്തിന്റെ പൊതുമനസ് വിലക്കിയ പി.എം ശ്രീ പോലുള്ള പദ്ധതികളിൽ സർക്കാർ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ? തമിഴ്‌നാട്ടിൽ മുൻ സർക്കാർ നിലപാട് പിന്തുടരുകയാണ് വിജയ് സർക്കാർ. എന്നാൽ, കേരളത്തിലാവട്ടെ മുൻ സർക്കാർ ഒപ്പിട്ടശേഷം മരവിപ്പിച്ച കരാറുമായി ബന്ധപ്പെട്ടുള്ള തുടർനടപടികളിൽ വ്യക്തമായ നിലപാട് പറയാൻ പുതിയ സർക്കാറിന് സാധിക്കുന്നില്ല.
അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവരിൽനിന്നാണ് ഇത്തരം സമീപനമുണ്ടാവുന്നത്. നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയിൽപോലും കേന്ദ്രവിമർശനം വരാതിരിക്കാനുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചു? ഈ ആശങ്കക്ക് ഒരു ഭാഗത്തുനിന്നും ഇത്രയും ദിവസങ്ങൾക്കിടയിൽ മറുപടിയുണ്ടായില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ഉൾപ്പെടെ കേന്ദ്രം തടഞ്ഞുവെക്കുന്നതായ പരാതി മുൻ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷംകൂടി ഉന്നയിച്ച വിഷയമാണ്. ഭരണം മാറിയിട്ടും കേന്ദ്ര നിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കെ, നയപ്രഖ്യാപനത്തിൽ അതേക്കുറിച്ച് പരാമർശിക്കാത്തത് കേവലം ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന ന്യായീകരണത്തിൽ ഒതുങ്ങുന്നതാണോ. ഗവർണർ, വിസമ്മതിച്ചാലും നിയമസഭയിൽ അക്കാര്യത്തെക്കുറിച്ച് ഒരുവരി പ്രസ്താവനപേലും നടത്താൻ സതീശൻ സർക്കാർ മടിച്ചത് ഏവരെയും അമ്പരപ്പിച്ചതാണ്.
ഗവർണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് എതിർക്കപ്പെടുന്നില്ല. സർവകലാശാലകളെ പിടിയിലൊതുക്കാനുള്ള ആർ.എസ്.എസ് അജൻഡകൾ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞു മനസിലാക്കേണ്ടതുണ്ടോ. ഗവർണർ സ്വന്തം നിലക്ക് സർവകലാശാലകളുടെ ഭരണവും നിയമനങ്ങളും നടത്തുന്ന നടപടിയെ ശക്തമായി എതിർക്കാൻ എന്തുകൊണ്ടാണ് ഭരണനേതൃത്വം മടികാണിക്കുന്നതെന്നും മുഖുപ്രസംഗം ചോദിക്കുന്നു.
ജനായത്ത സമ്പ്രദായത്തിന്റെ മുഖമുദ്ര സുതാര്യതയാണ്. തെളിച്ചമുള്ള നിലപാടും വിട്ടുവീഴ്ചയില്ലാത്ത ആശയദൃഢതയുമുള്ള ജനനായകരാണ് ജനാധിപത്യത്തെ കൂടുതൽ പ്രശോഭിതമാക്കുന്നത്. വാക്കും നിലപാടും സൂക്ഷ്മതയോടെ പാലിക്കാനുള്ളതാണെന്ന് ഭരണത്തിലുള്ളവർ നിരന്തരം ഓർമിക്കുമ്പോഴാണ് ഒരു ഭരണകൂടം കൂടുതൽ ജാഗ്രത്തും ജനകീയവുമാവുന്നത്. കേരളത്തിൽ ഭരണമാറ്റത്തോടെ, കൂടുതൽ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾ മനസിൽ കണ്ടത്. എന്നാൽ, ആ വിശ്വാസത്തെ തോൽപ്പിക്കുന്ന കാൽവെപ്പുകളാണ് സതീശൻ സർക്കാരിന്റെ ആദ്യദിനങ്ങളിലുണ്ടായതെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.
പ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളിൽനിന്നും സർക്കാരിനുണ്ടായത്. നിലപാടിൽ അണുവിട വ്യതിചലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും നടപ്പിലും ഇരിപ്പിലും ഇടപെടലുകളിലും കൂടുതൽ ജനകീയത കാട്ടുകയും ചെയ്ത മുഖ്യമന്ത്രിയുടെ സമീപനങ്ങൾ വലിയ മാറ്റമായാണ് അനുഭവപ്പെട്ടത്. എന്നാൽ, അത്തരം വിശ്വാസങ്ങളെ തട്ടിമാറ്റുന്ന വിധത്തിലുള്ള അന്തർനാടകങ്ങളാണ് ഭരണനേതൃത്വത്തിൽ നിന്നുണ്ടാവുന്നത്. കേരളത്തിന്റെ പൊതുമനസ് വിലക്കിയ പി.എം ശ്രീ പോലുള്ള പദ്ധതികളിൽ സർക്കാർ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സതീശൻ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ?
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നിലവിൽവന്ന സർക്കാരുകളോട് പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ഭരണതലത്തിലെ അവ്യക്തതയാണ് സംശയങ്ങൾ ഇരട്ടിപ്പിച്ചത്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതും നിയമപരമായി അവകാശപ്പെട്ടതുമായ കേന്ദ്രവിഹിതം നൽകണമെങ്കിൽ പി.എം ശ്രീ നടപ്പാക്കണമെന്ന തിട്ടൂരമാണ് ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനവിഹിതം തടയാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് തമിഴ്‌നാട് കേസിൽ സുപ്രിംകോടതി വ്യക്തമാക്കിയതിനുശേഷവും കേന്ദ്രം സമ്മർദതന്ത്രം പയറ്റുകയാണ്. ബി.ജെ.പി ഭരിക്കുന്ന പശ്ചിമ ബംഗാൾ സർക്കാർ അധികാരമേറ്റതിന് പിന്നാലെ കരാറിൽ ഒപ്പുവച്ചു. തമിഴ്‌നാട്ടിൽ മുൻ സർക്കാർ നിലപാട് പിന്തുടരുകയാണ് വിജയ് സർക്കാർ. എന്നാൽ, കേരളത്തിലാവട്ടെ മുൻ സർക്കാർ ഒപ്പിട്ടശേഷം മരവിപ്പിച്ച കരാറുമായി ബന്ധപ്പെട്ടുള്ള തുടർനടപടികളിൽ വ്യക്തമായ നിലപാട് പറയാൻ പുതിയ സർക്കാരിന് സാധിക്കുന്നില്ല. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവരിൽനിന്നാണ് ഇത്തരം സമീപനമുണ്ടാവുന്നത്.
പി.എം ശ്രീ മാത്രമല്ല, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല്ലും നഖവും ഉപയോഗിച്ച് ഇന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ശക്തിയുക്തം എതിർത്ത പല കാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രത എന്തിനാണ്. 10 വർഷത്തെ ഇടതു ഭരണത്തിനുശേഷമാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. സർക്കാരിന്റെ നയവും നിലപാടുകളും ഭാവികേരളത്തെക്കുറിച്ചുള്ള സമഗ്ര കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്നതാണ് നയപ്രഖ്യാപനം.
സംസ്ഥാനത്തെ ധനസ്ഥിതി, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ആരോഗ്യരംഗത്തെ പ്രതിസന്ധികൾ, വിലക്കയറ്റം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളിൽ സർക്കാരിന്റെ കൃത്യമായ സമീപനം നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചു കണ്ടു. അതേസമയം, നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയിൽപോലും കേന്ദ്രവിമർശനം വരാതിരിക്കാനുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചു? ഈ ആശങ്കക്ക് ഒരു ഭാഗത്തുനിന്നും ഇത്രയും ദിവസങ്ങൾക്കിടയിൽ മറുപടിയുണ്ടായില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ഉൾപ്പെടെ കേന്ദ്രം തടഞ്ഞുവെക്കുന്നതായ പരാതി മുൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷംകൂടി ഉന്നയിച്ച വിഷയമാണ്. ഭരണം മാറിയിട്ടും കേന്ദ്ര നിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കെ, നയപ്രഖ്യാപനത്തിൽ അതേക്കുറിച്ച് പരാമർശിക്കാത്തത് കേവലം ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന ന്യായീകരണത്തിൽ ഒതുങ്ങുന്നതാണോ. ഗവർണർ, വിസമ്മതിച്ചാലും നിയമസഭയിൽ അക്കാര്യത്തെക്കുറിച്ച് ഒരുവരി പ്രസ്താവനപേലും നടത്താൻ സതീശൻ സർക്കാർ മടിച്ചത് ഏവരെയും അമ്പരപ്പിച്ചതാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ ഒരുപ്രമേയംപോലും നിയമസഭയിൽ വന്നില്ല. ഇതൊന്നിനും സമയമായില്ല എന്നതാണ് വിശദീകരണമെങ്കിൽ, മറ്റുപല കാര്യങ്ങളിലും കാട്ടുന്ന തിടുക്കത്തെ എന്തുപറഞ്ഞ് ന്യായീകരിക്കും. ഗവർണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് എതിർക്കപ്പെടുന്നില്ല. സർവകലാശാലകളെ പിടിയിലൊതുക്കാനുള്ള ആർ.എസ്.എസ് അജൻഡകൾ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞു മനസിലാക്കേണ്ടതുണ്ടോ. ഗവർണർ സ്വന്തം നിലക്ക് സർവകലാശാലകളുടെ ഭരണവും നിയമനങ്ങളും നടത്തുന്ന നടപടിയെ ശക്തമായി എതിർക്കാൻ എന്തുകൊണ്ടാണ് ഭരണനേതൃത്വം മടികാണിക്കുന്നത്.
ഭരണത്തിലേറി മാസം തികയും മുമ്പ് രാഷ്ട്രീയവിമർശനം നടത്തുകയല്ല, നേരിടാൻ പോകുന്ന, നാളെകളിൽ മറുപടി പറഞ്ഞിരിക്കേണ്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണ്. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യു.ഡി.എഫ് സർക്കാർ അധികാരമേറ്റത്. അവിടെ കാണാച്ചരടുകളുള്ള കരാറുകളിലേർപ്പെടുന്നത് കേരളത്തിന് വലിയ അപകടം ചെയ്യുമെന്നതിൽ തർക്കമില്ല.
സുതാര്യതയാവണം ഭരണകൂടത്തിന്റെ മുഖവിലാസം. അതല്ലെങ്കിൽ, ഒളിക്കാനുണ്ടെന്ന് ജനം വിലയിരുത്തും. മടിയിൽ കനമില്ലെന്ന് നാലാവർത്തി വിളിച്ചുപറയുന്നവരുടെ ചില വിക്രീഡിതങ്ങൾ ഇന്നാട് കണ്ണുതുറന്ന് കണ്ടതാണ്. അവരുടെ മടിയിലും മനസിലും കള്ളത്തരങ്ങളുണ്ടെന്ന് ജനം വിധിയെഴുതിയപ്പോഴാണ് പകരം അധികാരത്തിന്റെ പടികയറി പുതിയ നേതൃത്വം എത്തിയതെന്ന് മറന്നുപോകരുത്. തങ്ങൾ ജയിച്ചതിനേക്കാൾ എതിരാളികൾ പരാജയപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് മനസിരുത്തി പഠിച്ചാൽ മേലിലെങ്കിലും പിഴവുകൾ തിരുത്താനാകും. എല്ലാകാലത്തും എല്ലാവരെയും കബളിപ്പിക്കാൻ ആവില്ലെന്ന സാമാന്യ തത്വം ഭരിക്കുന്നവർ മറക്കരുത്. ഒാരോ ഭരണാധികാരിയുടെയും കസേരകൾ അവിടെ ഇരുത്തിയവരുടേതുകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.