തൊടുപുഴ: പരിശോധനകൾക്ക് റിസോഴ്സ് പേഴ്സന്മാരില്ലാതായതോടെ സംസ്ഥാനതലത്തിൽ കുടുംബശ്രീ നടപ്പാക്കിയ ഉജ്ജീവനം അതിദാരിദ്ര്യ നിർമാർജന പദ്ധതി പാളുന്നു. കഴിഞ്ഞ ഇടതു സർക്കാർ അഭിമാന പദ്ധതിയായി നടപ്പാക്കിയ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സംസ്ഥാന തലത്തിൽ കുടുംബശ്രീ പദ്ധതി നടപ്പാക്കിയത്.
സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയ ഉപജീവനമാർഗം ആവശ്യമുള്ള 6,429 അതിദരിദ്ര കുടുംബങ്ങളെ സ്വയംപര്യാപ്തതയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2023-24 സാമ്പത്തിക വർഷം പദ്ധതി ആരംഭിച്ചത്. ഈ ഗണത്തിൽപെട്ട ഗുണഭോക്താക്കൾക്ക് സംരംഭം തുടങ്ങുന്നതിന് ഒറ്റത്തവണയായി 50000 രൂപ വീതമാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി 14 ജില്ലകൾക്കുമായി കോടികളാണ് കുടുംബശ്രീ മിഷൻ അനുവദിച്ചത്. ഈ തുക ഗുണഭോക്താക്കൾക്ക് ഉപജീവന മാർഗങ്ങൾ ആരംഭിക്കുന്നതിന് നൽകിയെന്നാണ് രേഖകൾ. എല്ലാ ജില്ലകളിലും ഇതിന്റെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചുവെങ്കിലും ഇവയിൽ ഭൂരിഭാഗം സംരംഭങ്ങളും പ്രവർത്തനരഹിതമാണെന്നാണ് ആക്ഷേപം.
ഇത്തരം സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനും കമ്യൂണിറ്റി റിസോഴ്സ് പേഴ്സന്മാരെ നിയമിച്ചിരുന്നു. 10000 രൂപ ശമ്പളവും 2000 രൂപ ടി.എയും എന്ന ക്രമത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. എന്നാൽ, 2025 മാർച്ചിൽ ചെലവ് ചുരുക്കൽ എന്ന് ചൂണ്ടിക്കാട്ടി ഇവരെ പിരിച്ചുവിട്ടു. ഇതേത്തുടർന്ന് പരിശോധനകൾ മുടങ്ങിയതോടെ തുടങ്ങിയ പല സംരംഭങ്ങളും പാതിവഴിയിൽ നിലക്കുകയായിരുന്നു. പിന്നീട് ഇതിന്റെ മേൽനോട്ടം ബ്ലോക്ക് കോഓഡിനേറ്റർമാരെ ഏൽപിക്കാൻ നീക്കം നടന്നെങ്കിലും ജോലിഭാരം ചൂണ്ടിക്കാട്ടി അതും നടപ്പായില്ല.
സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി നടത്തിപ്പ് പാളാൻ കാരണമെന്നാണ് ആക്ഷേപം. ഏത് വിധേനയും ഫണ്ട് ചെലവഴിക്കാൻ ജില്ല കുടുംബശ്രീ മിഷനുകൾക്ക് നിർദേശം നൽകിയതല്ലാതെ സി.ഡി.എസ് തലത്തിൽ സംരംഭങ്ങൾ മോണിറ്റർ ചെയ്യാൻ സംവിധാനമൊരുക്കുന്നതിൽ ഇവർ പരാജയപ്പെട്ടെന്നാണ് വിമർശനമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.