പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർത്തത് കേടാവാതെ കൂടുതൽ സമയമിരിക്കാൻ; കൊണ്ടുവന്നത് പന്തളത്തുള്ള പ്ലാന്‍റിലേക്ക്

കൊല്ലം: പാലിൽ രാസവസ്തുവായ ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത് കേടുകൂടാതെ കൂടുതൽ സമയം സൂക്ഷിക്കുന്നതിന്. ഇത്തരത്തിലുള്ള 15,300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടിച്ചെടുത്ത പാൽ സാമ്പിൾ ശേഖരിച്ചതിന്റെ ബാക്കി പൂർണമായും നശിപ്പിച്ചു കളയുവാൻ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തമിഴ്നാട് തെങ്കാശി വി.കെ പുതൂർ വടിയൂർ എന്ന സ്ഥലത്ത് നിന്നും അഗ്രി സോഫ്റ്റ് ഡയറി ഫാം അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്നതാണ് പാൽ. സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിലും ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഓണക്കാലത്ത് ഫോർമാലിൻ ചേർത്ത പാൽ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. അന്ന് പാൽ തിരിച്ചയക്കുകയാണ് ചെയ്തത്. ഇന്ന് പിടിച്ചെടുത്ത പാൽ പൂർണമായും നശിപ്പിക്കും.

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷിപുരം, കൊല്ലം ജില്ലയിൽ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിൽ പാറശാല എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. പാൽ ഈ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം ആണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ഇത് കൂടാതെ എല്ലാ ജില്ലകളിലും ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ വിഭാഗം വിപണിയിൽ വിറ്റഴിക്കപ്പെടുന്ന പാൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. പരിശോധന കൂടുതൽ ഊർജിതമാക്കുന്നതിനും പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന പ്രവർത്തനം ശക്തമാക്കുവാനും മന്ത്രി നിർദ്ദേശംനൽകി. 

Tags:    
News Summary - Hydrogen peroxide is added to the milk to keep it longer without spoiling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.