ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് റിയാലിറ്റിഷോ താരത്തെയും സിനിമ അണിയറപ്രവർത്തകനെയും എക്സൈസ് അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യംചെയ്ത് വിട്ടയച്ചു. മുഖ്യപ്രതി തസ്ലീമയുമായുള്ള ഫോൺവിളികളുടെയും വാട്ട്സ്ആപ് ചാറ്റുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് ബിഗ് ബോസ് താരം ജിന്റോ, സിനിമ അണിയറ പ്രവർത്തകൻ ജോഷി എന്നിവരെ ആലപ്പുഴയിലെ എക്സൈസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും എട്ടുമണിക്കൂറോളമാണ് ചോദ്യംചെയ്തത്.
ഇരുവർക്കും കഞ്ചാവ് കേസുമായി ബന്ധമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, സാമ്പത്തികമടക്കം മറ്റ് ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. അത് അന്വേഷണപരിധിയിൽ വരില്ല. തസ്ലീമ ആലപ്പുഴയിൽ പിടിയിലാകുന്നതിന് 10 ദിവസം മുമ്പാണ് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഫാഷൻ ഷോക്ക് മോഡലുകളെ എത്തിച്ചതിന്റെ സാമ്പത്തിക ഇടപാടുകളാണെന്നായിരുന്നു മൊഴി. രണ്ടു കേസിലും പരമാവധി തെളിവുകൾ ശേഖരിച്ച് തസ്ലീമയുടെ കുറ്റകൃത്യം ഉറപ്പിക്കാനാണ് രണ്ടാംദിവസം ഇരുവരെയും മണിക്കൂറുകുൾ ചോദ്യംചെയ്തത്. രാവിലെ 10 മുതൽ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട് ആറിനാണ് അവസാനിച്ചത്.
രണ്ടാംദിനം പ്രധാനമായും എല്ലാവരും കാത്തിരുന്നത് ബിഗ്ബോസ് താരം ജിന്റോയെയാണ്. ആദ്യമെത്തിയത് സിനിമ അണിയറ പ്രവർത്തകൻ ജോഷിയായിരുന്നു. മാധ്യമങ്ങൾ പുറത്തു കാത്തുനിന്നെങ്കിലും ആളെ തിരിച്ചറിയാനായില്ല.
ഉച്ചയോടെ പുറത്തിറങ്ങിയ ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കഞ്ചാവ് കടത്തുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ആദ്യപ്രതികരണം. വൈകീട്ട് 3.30നാണ് ബിഗ് ബോസ് താരം ജിന്റോ എക്സൈസ് ഓഫിസിൽ എത്തിയത്. എക്സൈസ് അസിസ്റ്റന്റ് കമീഷണർ എസ്. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിശദമായി ചോദ്യംചെയ്തത്.
നടന്മാർക്കും മോഡലിനുമെതിരെ അന്വേഷണമുണ്ടാകും
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് വിട്ടയച്ച നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് എക്സൈസ്. നിലവിൽ ഇവരെ പ്രതി ചേർത്താൽ കേസ് ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ ചില സാധ്യതകൾകൂടി പരിശോധിക്കണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
നടന്മാരെ ഈ കേസിൽ പ്രതിചേർക്കാൻ സാധ്യതയില്ലെങ്കിലും ഇവരിൽനിന്നും എക്സൈസിനെ സഹായിക്കുന്ന ചില സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് വിവരം. തൊടുപുഴയിലെ ലഹരിമോചന കേന്ദ്രത്തിൽ ചികിത്സയിലുള്ള ഇവർ എക്സൈസ് നിരീക്ഷണത്തിലായിരിക്കും.
ആലപ്പുഴയിൽ സ്വകാര്യ റിസോർട്ടിൽനിന്ന് മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ മുഖ്യപ്രതി തസ്ലീമയുമായി (ക്രിസ്റ്റീന -41) നടന്മാർ കഞ്ചാവ് ഇടപാട് നടത്തിയതിനെക്കുറിച്ച് തെളിവുകൾ കണ്ടെത്തിയിട്ടില്ല. ഫോൺവിളിക്കൊപ്പം വാട്സ്ആപ് വഴിയുള്ള ചാറ്റുകളും പരിശോധിച്ചു. ഇതിൽ മോഡലായ സൗമ്യ പറഞ്ഞ കാര്യങ്ങൾ എക്സൈസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ 2000-3000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇവർ തസ്ലീമയുമായി നടത്തിയിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ അണിയറ പ്രവർത്തകൻ ജോഷി എന്നിവർക്ക് കഞ്ചാവ് ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. എന്നാൽ, മറ്റ് ചില ഇടപാടുകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇരുവരെയും വിളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.