റഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് റഷ്യയിലുടനീളമുള്ള നഗരങ്ങളിൽ 750ലധികം ആളുകൾ അറസ്റ്റിലായി. യുദ്ധം തുടങ്ങിയ നാൾ മുതൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്.
37 റഷ്യൻ നഗരങ്ങളിൽ നടന്ന പ്രകടനങ്ങളിൽ കുറഞ്ഞത് 756 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഒ.വി.ഡി-ഇൻഫോ പറഞ്ഞു. അവരിൽ പകുതിയോളം അറസ്റ്റിലായിരിക്കുന്നത് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്നാണ്.
ഫെബ്രുവരി 24ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ യുക്രെയ്‌നിൽ കര, വ്യോമ, കടൽ അധിനിവേശത്തിന് ഉത്തരവിട്ടതിനുശേഷം, യുദ്ധവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് 14,000ത്തിലധികം അറസ്റ്റുകൾ നടന്നാതായി റിപ്പോർട്ടുണ്ട്. ഇവരിൽ 170ലധികം പേർ റിമാൻഡിലാണ്. സ്വതന്ത്രമായ യുദ്ധ റിപ്പോർട്ടിംഗും യുദ്ധത്തിനെതിരായ പ്രതിഷേധവും ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമം റഷ്യ മാർച്ച് നാലിന് പാസാക്കിയിരുന്നു.
ആളുകൾക്ക് റഷ്യയിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് 'അൽ ജസീറ' ചാനൽ റിപ്പോർട്ടർ ബെർണാഡ് സ്മിത്ത് മോസ്കോയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ മോസ്കോയിൽ നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ അധിനിവേശത്തിന് പുറപ്പെടുന്ന ടാങ്കറുകൾ അടക്കമുള്ള യുദ്ധോപകരണങ്ങളിൽ 'യുക്രെയ്നെ നാസീ മുക്തമാക്കുന്നതിനുള്ള ഓപറേഷൻ' എന്നാണ് റഷ്യ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അതിനാൽ തന്നെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് രാജ്യവിരുദ്ധം എന്നാണ് റഷ്യ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.