ആലുവ: മനുഷ്യാവകാശ കമീഷനിൽനിന്ന് തന്നെ ഒഴിവാക്കാൻ സർക്കാറിനാകില്ലെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ്. ആലുവയിൽ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ അടക്കമുള്ള കമീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് പ്രത്യേക കമ്മിറ്റിയാണ്. ആ രീതിയിലൂടെ മാത്രമേ അംഗങ്ങളെ ഒഴിവാക്കാൻ കഴിയൂ. സർക്കാറിന് തനിച്ച് തീരുമാനം എടുക്കാനാകില്ല. മുൻ ചെയർമാെൻറ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഗവർണറാണ് ആക്ടിങ് ചെയർമാെൻറ ചുമതല ഏൽപിച്ചത്. നിലവിൽ ചെയർമാൻ ആകാൻ യോഗ്യരായ റിട്ടയേഡ് ജഡ്ജിമാരില്ല. അതിനാലാണ് താൻ തുടരുന്നത്.
പദവിയിൽ തുടരുന്നിടത്തോളം ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും സർക്കാർ അനുവദിച്ച ഇന്ധനച്ചെലവുപോലും തികയാതെവരാറുണ്ട്. അതുപോലും പരിഗണിക്കാതെയാണ് ഓടിനടക്കുന്നത്. ആക്ടിങ് ചെയർമാനെന്ന നിലയിൽ നൽകുന്നത് ഉത്തരവുകളല്ല. ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നിർദേശങ്ങൾ നൽകുകയാണ്.
ജനങ്ങൾക്ക് നീതി ലഭിച്ചാൽ സർക്കാറിനാണ് അഭിമാനം. ശ്രീജിത്തിെൻറ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ട്. നിയമം അറിയാത്തവർ ഉപദേശിക്കുന്നതുകൊണ്ടാണ് ചില മന്ത്രിമാർ തെൻറ നിർദേശങ്ങളെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.