രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ പ്രാതിനിധ്യത്തിൽ വൻ വർധന. കഴിഞ്ഞ 10 വർഷത്തിനിടെ, 32 ശതമാനമാണ് ഡിഗ്രി, പി.ജി കോഴ്സുകളിൽ പെൺകുട്ടികൾ അധികമായി അഡ്മിഷൻ നേടിയത്. ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജുക്കേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2021നെക്കാൾ 18 ലക്ഷം വിദ്യാർഥികൾ തൊട്ടടുത്ത വർഷം അഡ്മിഷൻ നേടിയതായും റിപ്പോർട്ടിലുണ്ട്. കോമേഴ്സ് ബിരുദത്തിലാണ് പെൺകുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത്- 42 ശതമാനം.
എൻജിനീയറിങ്, ഐ.ടി കോഴ്സുകളിൽ ആനുപാതികമായ വർധന കാണുന്നില്ല. 2013 -14 കാലത്ത് 11.5 ലക്ഷം പെൺകുട്ടികളാണ് എൻജിനീയറിങ് കോഴ്സുകൾക്ക് ചേർന്നത്. 2021 -22ൽ ഇത് 11.3 ലക്ഷമായി കുറഞ്ഞു. ആൺകുട്ടികളിലും സമാനമായ കുറവ് കാണുന്നുണ്ട്. പൊതുവിൽ എൻജിനീയറിങ് കോഴ്സുകൾക്ക് ഡിമാൻഡ് കുറഞ്ഞതാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഐ.ടി കോഴ്സുകളിൽ ആൺകുട്ടികൾ കൂടുതലായി അഡ്മിഷൻ എടുക്കുമ്പോൾ ആനുപാതികമായ വർധന പെൺകുട്ടികളിലില്ല.
10 വർഷം മുമ്പ് 3.53 ലക്ഷം ആൺകുട്ടികളും 2.8 ലക്ഷം പെൺകുട്ടികളുമാണ് അഡ്മിഷൻ എടുത്തത്. ഇപ്പോൾ അത് യഥാക്രമം 5.79 ലക്ഷം, 3.48 ലക്ഷം എന്നിങ്ങനെയായിരിക്കുന്നു. ആനുപാതിക വളർച്ചയില്ലെന്നർഥം. ഇത് ഡിഗ്രി കോഴ്സുകളുടെ കാര്യം. പി.ജി കോഴ്സുകളിൽ പെൺകുട്ടികളുടെ എണ്ണംതന്നെ കുറഞ്ഞിട്ടുണ്ട്. 10 വർഷത്തിനിടെ അര ലക്ഷം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെഡിസിൻ കോഴ്സുകളിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് പ്രവേശനം നേടുന്നത്. 10 വർഷമായി ഇതുതന്നെയാണ് പ്രവണത. 2013ൽ, 4.35 ലക്ഷം പെൺകുട്ടികൾ മെഡിക്കൽ ഡിഗ്രി പ്രവേശനം നേടി; 10 വർഷത്തിനിപ്പുറം അത് 9.83 ലക്ഷമായി ഉയർന്നു. മെഡിക്കൽ പി.ജിയിൽ പെൺ പ്രാതിനിധ്യം മൂന്ന് മടങ്ങായി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.