സുപ്രീംകോടതി
ന്യൂഡൽഹി: നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരിൽ പുതിയ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ഹൈകോടതി വിധിക്കെതിരെ നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം എന്ന സംഘടന നൽകിയ ഹരജിയിൽ, ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്നു ചോദിച്ച സുപ്രീംകോടതി നോട്ടീസയച്ചു.
മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കിമാറ്റാൻ നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം നൽകിയ അപേക്ഷ ജില്ലാ കലക്ടർ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ 36 മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം ഹൈകോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ അപ്പീലുമായാണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ ജെ.ബി. പർഡിവാല, അലോക് ആർദരേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധിയെ പരോക്ഷമായി വിമർശിച്ചത്. നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ ഹൈകോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുതെന്ന് നിർദേശിച്ചു. വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ് കുമാർ, അഭിഭാഷകൻ ജി. പ്രകാശ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.