പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാതെ കായലിലെ ഉല്ലാസയാത്രക്ക് ഉപയോഗിച്ച ഹൗസ്ബോട്ടിൽ നിന്നു താഴെവീണ് സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച കേസിൽ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. പത്തനംതിട്ട ഇറിഗേഷൻ വിഭാഗത്തിൽ സീനിയർ ഹെഡ്ക്ലാർക്കായിരുന്ന അബ്ദുൾ മനാഫ് (43) 2022 മേയ് എട്ടിന് ആലപ്പുഴ മതികായലിനു സമീപം ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണു മരിച്ച സംഭവത്തിലാണ് വിധി.
ആലപ്പുഴ ആര്യനാട് മണ്ണാഞ്ചേരി വേതാളം വീട്ടിൽ കനാൽ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോളെ എതിർകക്ഷിയാക്കി അബ്ദുൽ മനാഫിന്‍റെ ഭാര്യ പന്തളം തോന്നല്ലൂർ കാക്കുഴി പുത്തൻവീട്ടിൽ നാസിയ ഹസൻ നൽകിയ ഹരജിയിലാണ് വിധി.
ബോട്ട് കരക്ക് അടുപ്പിക്കുന്നതിനിടെ ഡെക്കിൽ നിന്ന് അബ്ദുൾ മനാഫ് വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഡെക്കിന് വേലിയടക്കം സുരക്ഷാ സംവിധാനമില്ലായിരുന്നു. ജാക്കറ്റും നൽകിയിരുന്നില്ലെന്ന് ഹരജിയിൽ പറഞ്ഞു.
നഷ്ടപരിഹാരത്തുക അബ്ദുൾ മനാഫിന്‍റെ ഭാര്യക്കും മറ്റ് ആശ്രിതർക്കുമായി നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്നു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അഭിഭാഷകനായ സി.വി. ജ്യോതിരാജ് മുഖേനയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.