പള്ളിക്കര (കാസർകോട്): ‘ഇഴഞ്ഞുനീങ്ങാൻ ശേഷിയുണ്ടായിരുന്നുവെങ്കിൽ വീട് ഒഴിഞ്ഞുകൊടുക്കുമായിരുന്നു. എട്ടു ശസ്ത്രക്രിയകൾ നടത്തി തകർന്ന ശരീരവും അറ്റുപോയ കാലുകളുമായി ‘ദരിദ്രനാരായണ’നായ ഞാൻ ഇനി എങ്ങോട്ട് പോകാനാണ്. ഇറക്കിവിട്ടാൽ നനഞ്ഞുകൊണ്ടിരിക്കും. അല്ലാതെ കത്രികകൾ മേഞ്ഞുനടന്ന ഇൗ ശരീരം കൊണ്ട് എനിക്ക് ഇനി ഒന്നും ചെയ്യാനില്ല'. ജീവിക്കാൻ ഒരു രൂപയുടെ വരുമാനം പോലുമില്ലാത്ത, പള്ളിക്കര കീക്കാനം കാട്ടാമ്പള്ളിയിലെ കെ.എ. നാരായണെൻറ ദുഃഖം അളക്കാൻ മുഴക്കോലില്ല. അത്രക്കും ആഴമുണ്ട് ഇൗ 67കാരെൻറ വിലാപങ്ങൾക്ക്.
മരപ്പണിയെടുത്ത് ആറുപെൺമക്കളെ വളർത്തിയ നാരായണൻ പിന്നിട്ടത് എട്ടു ശസ്ത്രക്രിയകൾ. ഇടതുകാൽ മുറിച്ചശേഷം ഉപജീവന മാർഗമായ ആശാരിപ്പണി നിർത്തി. ഒറ്റക്കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് കൈല് (തവി) ഉണ്ടാക്കി ജീവിച്ചു. വലത് കാലും മുറിച്ചപ്പോൾ അതും നിലച്ചു. കടബാധ്യതയെ തുടർന്ന് ഇൗ മാസം 23ന് നാരായണെൻറ പണിതീരാത്ത ചെറിയ വീട് ലേലം ചെയ്യുന്നതോടെ പട്ടിണി കിടക്കാനും ഇടമില്ലാതെ അക്ഷരാർഥത്തിൽ ദരിദ്ര നാരായണനാവുകയാണിയാൾ. ആറുപെൺമക്കളിൽ അഞ്ചുപേരെ വിവാഹം ചെയ്തുകൊടുത്തു. ഇവർക്കൊന്നും നാരായണെൻറ ബാധ്യതകൾ താങ്ങാനുള്ള ശേഷിയില്ല. കൂടെയുള്ള അഞ്ചാമത്തെ മകൾ ഫാൻസി കടയിൽ പോയി കിട്ടുന്ന വരുമാനം കൊണ്ട് കഞ്ഞികുടിക്കുന്നു.
ഇളയ മകളും അസ്ഥിരോഗത്തെ തുടർന്ന് വളർച്ച മുരടിച്ച അഞ്ചു വയസ്സുകാരനായ മകൻ ദേവദർശും നാരായണനൊപ്പമാണ് കഴിയുന്നത്. 37 വർഷം മുമ്പ് വയറ്റിലുണ്ടായ അസുഖത്തെ തുടർന്ന് ആദ്യ ശസ്ത്രക്രിയ നടത്തി. കുടൽ യോജിപ്പിച്ച പ്ലാസ്റ്റിക് ഉപകരണം എടുത്തുമാറ്റാൻ രണ്ടാമത്തേത്. ജോലി ചെയ്യാനുള്ള ആരോഗ്യം ക്ഷയിച്ചു. പ്രമേഹത്തെ തുടർന്ന് ഇടതുകാലിലെ വിരൽ മുറിച്ചുനീക്കി, പിന്നാലെ പാദം മുഴുവനും നീക്കി. അടുത്തത് മുട്ടിൽ നിന്നും കാൽ മുറിച്ചു നീക്കി. ഇടതുകാൽ കഴിഞ്ഞപ്പോൾ വലത്തെ കാലിലേക്കായി ശസ്ത്രക്രിയ. വലത്തെ കാലും മുറിച്ചുനീക്കി. ഇതു കഴിഞ്ഞപ്പോൾ രണ്ട് ശസ്ത്രക്രിയകൾ കണ്ണിനും നടത്തി. ഇങ്ങനെ നാരായണെൻറ 40 വർഷത്തെ ജീവിതം ശസ്ത്രക്രിയകളുടേതായി. സഹായത്തിനായി നാട്ടുകാരും ഇറങ്ങിയിരുന്നു.
ചെലവിലേക്കായി ഹോസ്ദുർഗ് പ്രാഥമിക ഗ്രാമ വികസന ബാങ്കിൽ നിന്നെടുത്ത രണ്ടു ലക്ഷം രൂപയിൽ 91000 അടച്ചു. മുതലും പലിശയുമായി 2.66 ലക്ഷം ഇനിയും ബാക്കിയുണ്ട്. ആദ്യഘട്ടങ്ങളിൽ ജപ്തി നോട്ടീസ് കലക്ടർ ഇടപെട്ട് നിർത്തിവെച്ചു. വീണ്ടും വന്നത് ലേലത്തിനുള്ള നോട്ടീസ്. ഇൗ മാസം 23ന് 10 മണിക്ക് ലേലം ചെയ്യും. ഏറെ സഹായിച്ച നാട്ടുകാരോട് ഇനിയും എന്തുപറയാനാണ് എന്ന് നാരായണൻ. പത്ത് സെൻറ് പുഞ്ച സ്ഥലവും വീടും അടങ്ങുന്നതാണ് സ്വത്ത്. ലേലം ഒഴിവാക്കിക്കിട്ടുന്നതിന് പരക്കം പായാൻ പോലുമാകാതെ ഇരിന്നിടത്തുനിന്നും കണ്ണീരൊഴുക്കുകയാണ് നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.