കൊച്ചി: നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ച് പുറത്തിറക്കിയ സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ആശുപത്രി ഉടമകളുടെ യോഗത്തിൽ തീരുമാനം. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷെൻറ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിലാണ് അവർ നയം വ്യക്തമാക്കിയത്. യോഗ തീരുമാനങ്ങൾ അടിയന്തരമായി സർക്കാറിനെ അറിയിക്കുമെന്നും അനുകൂല നിലപാടുണ്ടാകാത്ത പക്ഷം നിയമപരമായി നേരിടുമെന്നും ഇവർ പറഞ്ഞു. നഴ്സുമാരുടെ ലോങ് മാർച്ചിനെ ഭയന്ന് സർക്കാർ പെട്ടെന്നെടുത്ത തീരുമാനമാണിത്. കോടതി നിശ്ചയിച്ച കുറഞ്ഞ വേതന മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണ് സർക്കാർ ഉത്തരവ്.
നിയമപ്രകാരം പ്രത്യേക കമ്മിറ്റിയുണ്ടാക്കി വ്യത്യസ്ഥമായ ആറ് മാനദണ്ഡങ്ങൾ പഠിച്ച ശേഷമാണ് നടപടിയെടുക്കേണ്ടത്. ഇവിടെ ഇതൊന്നുമുണ്ടായിട്ടില്ല. അതിനാൽ സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സെക്രട്ടറി ഹുസൈൻ കോയ തങ്ങൾ പറഞ്ഞു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് താങ്ങാൻ കഴിയില്ല. നഴ്സുമാരോടൊപ്പം മറ്റ് ജീവനക്കാരുടെയും ശമ്പളം വര്‍ധിക്കും. ഏറ്റവും താഴേക്കിടയിലുള്ള ജോലി എടുക്കുന്നവര്‍ക്കും 16,000 രൂപയും ആനുകൂല്യങ്ങളും നല്‍കേണ്ട സ്ഥിതിയാണ് ഉണ്ടാവുക. ഇത്തരം സാഹചര്യത്തിൽ രോഗികളില്‍നിന്ന് ഇപ്പോള്‍ വാങ്ങുന്നതിനേക്കാള്‍ 100ഉം 120 ശതമാനവും അധികം തുക വാങ്ങി ചികിത്സ നടത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിനോട് വിയോജിക്കുന്നത്.
ഉത്തരവ് നടപ്പാക്കിയാൽ കേരളത്തിലെ 60 ശതമാനം ആശുപത്രികൾ പൂട്ടേണ്ട സാഹചര്യവും വരും. കാര്യങ്ങൾ വ്യക്തമാക്കാൻ തൊഴിൽ മന്ത്രിയെ സമീപിക്കാനാണ് തീരുമാനം. എന്നിട്ടും നിലപാട് മാറ്റിയില്ലെങ്കില്‍ നിയമപരമായി നേരിടും. നഴ്സുമാര്‍ സമരത്തിനിറങ്ങിയാല്‍ ബദല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എച്ച്.എ പ്രസിഡൻറ് ഡോ. പി.കെ. മുഹമ്മദ് റഷീദ്, ഡോ. ഇ.കെ. രാമചന്ദ്രന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഹെൽത്ത് പ്രൊവൈഡേഴ്സ്, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.