ഹോംനഴ്സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ് പൊലീസില്‍ കീഴടങ്ങി

പെരുമ്പിലാവ്: ഹോംനഴ്സിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലം ഓയൂര്‍ പറയാറകുന്ന് സതീഷ് മന്ദിരത്തില്‍ തുളസീധരന്‍െറ മകള്‍ വര്‍ഷയാണ് (മഞ്ജു-36) മരിച്ചത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതി പഴഞ്ഞി കോട്ടോല്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ ഹുസൈനെ (32) കുന്നംകുളം സി.ഐ രാജേഷ് കെ. മേനോന്‍ അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച അര്‍ധരാത്രിയോടെ പെരുമ്പിലാവിലെ ഫാമിലി ക്വാര്‍ട്ടേഴ്സില്‍ എട്ടാം നമ്പര്‍ വീട്ടിലായിരുന്നു കൊലപാതകം. പിന്നീട് തൊട്ടുമുന്നിലെ വാഴത്തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പെരുമ്പിലാവിലെ സൂര്യ നഴ്സിങ് ഹോമില്‍ ജോലിക്കായി എത്തിയ വര്‍ഷ പിന്നീട് അന്‍സാര്‍ ആശുപത്രി സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ മുറിയില്‍ 22 ദിവസം ജോലിക്കായി നിന്നു. ഇതിനിടെ ഇതേ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഹുസൈനുമായി പരിചയത്തിലായി. പിന്നീട് യുവതി അവിടെനിന്ന് പോയെങ്കിലും ഫോണ്‍ മുഖേന ബന്ധം തുടര്‍ന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെടുക പതിവായിരുന്നത്രേ. ഭാര്യയും മകനുമുള്ള ഹുസൈന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാത്രി ഒമ്പതോടെ യുവാവ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എത്തിയ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവസമയം ഹുസൈന്‍െറ ഭാര്യയും മകനും വീട്ടില്‍ ഉണ്ടായിരുന്നില്ല. വിവാഹം സംബന്ധിച്ച് വാക്കുതര്‍ക്കവും കൈയേറ്റവുമായി. ഇതിനിടെ രാത്രി 11ഓടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹുസൈന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളം മൃതദേഹം മുറിക്കുള്ളിലിട്ടശേഷം രണ്ടോടെ തോളിലേറ്റി ഒന്നാം നിലയില്‍നിന്ന് താഴെയിറക്കി. പിന്നീട് ക്വാര്‍ട്ടേഴ്സിന്‍െറ മുറ്റത്തുകൂടി വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തില്‍ എത്തിച്ചു. പുലര്‍ച്ചെ അഞ്ചോടെ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലത്തെി സംഭവം പറയുകയായിരുന്നു. പണം ആവശ്യപ്പെട്ട് ബ്ളാക്ക്മെയില്‍ ചെയ്യാറുണ്ടെന്നും ശല്യം സഹിക്കാതെവന്നതോടെ അപായപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. 

രണ്ട് ആണ്‍കുട്ടികളുടെ മാതാവായ വര്‍ഷ (മഞ്ജു) ഏഴുവര്‍ഷം മുമ്പ് മക്കളും ഭര്‍ത്താവുമായി ബന്ധം ഉപേക്ഷിച്ചിരുന്നു. പിന്നീട് ഹോംനഴ്സായി വിവിധയിടങ്ങളില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടെ, ഒരുവര്‍ഷം മുമ്പ് മറ്റൊരാളെ വിവാഹം കഴിച്ചെന്നും ഒരുമാസത്തിനകം അയാള്‍ ഹൃദയാഘാതംമൂലം മരിച്ചെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. 

Tags:    
News Summary - home nurse killed by security officer in perumpilavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.