കൊച്ചി: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻററിൽ ചികിത്സയിലിരിക്കെ എച്ച്.െഎ.വി ബാധിച്ചെന്ന് സംശയിക്കുന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രി രേഖകളും രക്ത, സ്രവ സാമ്പിളുകളും സൂക്ഷിച്ചുവെക്കണമെന്ന് ഹൈകോടതി. ഭാവി പരിശോധനകള്‍ക്ക് ഇവ സൂക്ഷിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിനിയായ ഒമ്പതുവയസ്സുകാരിയുടെ മാതാവ് സമര്‍പ്പിച്ച അപേക്ഷയിലാണ് ആർ.സി.സി ഡയറക്ടര്‍ക്ക് ഇൗ നിര്‍ദേശം നല്‍കിയത്.
രക്താർബുദ ബാധിതയായ കുട്ടിക്ക് ആശുപത്രിയിൽ സംഭവിച്ച പിഴവുമൂലമാണ് എച്ച്.െഎ.വി ബാധിച്ചതെന്നാണ് ആരോപണം. കുട്ടി കഴിഞ്ഞദിവസമാണ് ആലപ്പുഴയിൽ മരിച്ചത്. നിരുത്തരവാദ സമീപനംമൂലം മകളുടെ ജീവിതം അപകടത്തിലാണെന്നും മികച്ച ചികിത്സയും നഷ്ടപരിഹാരവും വിശദാന്വേഷണവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാതാവ് കഴിഞ്ഞവര്‍ഷം ഹരജി നല്‍കിയിരുന്നു. പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്നാണ് പുതിയ അപേക്ഷ നല്‍കിയത്.
രക്തസാമ്പിളും മറ്റും ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസൽട്ടിന് (െഎ.സി.എം.ആര്) കീഴിലെ മികവിെൻറ കേന്ദ്രത്തില്‍ പരിശോധിച്ചെന്നും എച്ച്.െഎ.വി ബാധ സ്ഥിരീകരിക്കാനായില്ലെന്നും ആർ.സി.സി വ്യാഴാഴ്ച കോടതിയെ അറിയിച്ചു. ഈ പരിശോധനഫലം ഡല്‍ഹിയിലെ നാഷനല്‍ ക്ലിനിക്കല്‍ എക്സ്പെര്‍ട്ട് പാനലിന് (എന്‍.സി.ഇ.പി) സമര്‍പ്പിച്ചിരിക്കുകയാണ്. അവിടെനിന്ന് പരിശോധനഫലം ലഭിച്ചിട്ടില്ല. എച്ച്.െഎ.വി ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് 15 ദിവസത്തിനകം തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇല്ലെന്നും ആർ.സി.സിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വാദിച്ചു.
പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ ഇനിയെന്താണ് ചെയ്യാനാവുകയെന്ന് കോടതി ആരാഞ്ഞു. ഇനിയും പരിശോധന നടത്തണമെന്ന് ഹരജിക്കാരിയുെട അഭിഭാഷകന് വാദിച്ചു. തുടർന്നാണ് സാമ്പിളുകളും ചികിത്സരേഖകളും സൂക്ഷിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചത്.
കുട്ടിയെ ആർ.സി.സിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ എച്ച്.െഎ.വി നെഗറ്റിവായിരുന്നു. രക്തം സ്വീകരിച്ച ശേഷമുള്ള പരിശോധനയിലാണ് പോസിറ്റിവെന്ന് കണ്ടെത്തിയതെന്നാണ് ഹരജിയിൽ പറയുന്നത്. ആർ.സി.സിയുടെതന്നെ ബ്ലഡ് ബാങ്കില്‍നിന്നാണ് രക്തം കയറ്റിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷണം നടത്താനും മനുഷ്യാവകാശ, ബാലാവകാശ കമീഷന് ഉത്തരവുകള്‍ നടപ്പാക്കാനും ഉത്തരവിടണമെന്നാണ് പ്രധാന ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.