കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് (എച്ച്.എന്‍.എല്‍) വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഹൈകോടതി തടഞ്ഞു. എച്ച്.എന്‍.എല്ലിലെ ഐ.എന്‍.ടി.യു.സി യൂനിയന്‍ നല്‍കിയ ഹരജിയിലാണ് നിര്‍ണായക വിധി. കമ്പനി വില്‍ക്കാന്‍ താല്‍പര്യപത്രം ക്ഷണിക്കുകയും മൂല്യനിര്‍ണയ നടപടികള്‍ ആരംഭിക്കുകയും നിയമോപദേശകനെ നിയമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യൂനിയന്‍ കോടതിയെ സമീപിച്ചത്.
ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം വില്‍ക്കാനുള്ള കേന്ദ്ര നീക്കം കോടതി ഇടപെട്ട് തടയുന്നത്. തല്‍സ്ഥിതി തുടരാനാണ് കേന്ദ്ര സര്‍ക്കാറിനും നീതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്കും കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിനോട് പോലും ആലോചിക്കാതെയാണ് നീതി ആയോഗ് വഴി നിര്‍ബന്ധമായ വില്‍പനക്കുള്ള കമ്പനികളുടെ കൂട്ടത്തില്‍ എച്ച്.എന്‍.എല്ലിനെ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്ത് നല്‍കിയ 650 ഏക്കര്‍ സ്ഥലത്ത് നൂറുകോടിയുടെ നിക്ഷേപവുമായാണ് എച്ച്.എന്‍.എല്‍ ആരംഭിച്ചത്.
ഇതിനകം 117 കോടി രൂപ ലാഭവിഹിതമായി എച്ച്.എന്‍.എല്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. മറ്റ് പൊതുമേഖല സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമായി എച്ച്.എന്‍.എല്ലിന് അസംസ്കൃത വസ്തുക്കള്‍ പൂര്‍ണമായും നല്‍കുന്നതും ഇവക്ക് വില ഉയരുന്ന ഘട്ടങ്ങളിലൊക്കെ സബ്സിഡി വന്‍തോതില്‍ വര്‍ധിപ്പിച്ച് നിലനിര്‍ത്തുന്നതും സംസ്ഥാന സര്‍ക്കാറാണ്. ഉല്‍പാദനത്തിന് ആവശ്യമായ പള്‍പ് നിര്‍മിക്കാന്‍ 3500 ഹെക്ടറിലാണ് മരങ്ങള്‍ സര്‍ക്കാര്‍ നട്ടുവളര്‍ത്തുന്നത്.
ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സ്ഥാപനം വില്‍ക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടികളുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് യൂനിയന്‍ ജനറല്‍ സെക്രട്ടറി വി. അജിത്കുമാര്‍ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.