തിരുവനന്തപുരം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ യോഗം മാറ്റിവെക്കണം. മുഖ്യമന്ത്രി പാർട്ടിക്കാരുടെ മുഖ്യമന്ത്രിയായി മാറി. അതു കൊണ്ടാണ് രണ്ട് കൊലപാതകങ്ങൾ നടന്നിട്ട് ഒരിടത്ത് മാത്രം പോകുന്നത്. ചെങ്ങന്നൂരിലെ ജനം ഇതെല്ലാം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
ഫസൽ വധകേസ് അന്വേഷണത്തെ കുറിച്ചുള്ള മുൻ ഡി.വൈ.എസ്.പിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. സി.ബി.ഐ പുനഃരന്വേഷണത്തിന് തയാറാകണം. കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ പങ്ക് സി.ബി.ഐ അന്വേഷിക്കണം. സി.ബി.ഐക്ക് കത്തയച്ച സംഭവത്തിൽ കൊടിയേരി മറുപടി പറയണം. ഡി.വൈ.എസ്.പി സൂചിപ്പിച്ച മറ്റ് രണ്ട് കൊലപാതകങ്ങളിലും അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിയറ്റർ പീഡന കേസിലെ പ്രതിയെ പിടിക്കുന്ന കാര്യത്തിൽ പൊലീസ് വീഴ്ച വരുത്തി. പൊലീസിന് എതിരെ കേസ് എടുക്കണം. സസ്പെൻഷൻ കൊണ്ട് കാര്യമില്ല. സർക്കാർ ഇരകൾക്ക് ഒപ്പമല്ല മറിച്ച് വേട്ടകാർക്ക് ഒപ്പമാണ്. പൊലീസ് സേനക്ക് കാര്യക്ഷമത നഷ്ടപ്പെട്ടിരിക്കുന്നു. ലോക്കപ്പ് കൊലപാതകത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതായും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.