ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍െറ കൊല: 59 പ്രതികളെയും വിട്ടയച്ചു

കോഴിക്കോട്: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കൈവേലി അങ്ങാടിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയിലേക്ക് ബോംബെറിഞ്ഞതിനെ തുടര്‍ന്ന്  ഒരാള്‍ കൊല്ലപ്പെട്ടുവെന്ന കേസില്‍  സി.പി.എം നേതാക്കളടക്കം 59 പ്രതികളെയും കോടതി വെറുതെ വിട്ടു. കുന്നുമ്മല്‍ നിട്ടൂര്‍ വെള്ളോലിയില്‍ അനൂപിനെ (29) ആക്രമിച്ചു കൊന്ന കേസിലാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി.

2013 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. പവിത്രന്‍, സി.പി.എം നരിപ്പറ്റ ലോക്കല്‍ സെക്രട്ടറി വി. നാണു, തിനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ബാബു, ഒമ്പത് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 12 ബ്രാഞ്ച് സെക്രട്ടറിമാര്‍, ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ എന്നിവര്‍ വിട്ടയച്ചവരില്‍പെടുന്നു.

അനൂപിനൊപ്പം പരിക്കേറ്റ ആദ്യത്തെ മൂന്ന് പ്രധാന സാക്ഷികളുടെ മൊഴി, അതിശയോക്തി കലര്‍ന്നതും പരസ്പരവിരുദ്ധവുമാണെന്ന് കണ്ടത്തെിയാണ് വിധി. കേസ് സംശയത്തിന്‍െറ നിഴലില്ലാതെ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. കൈവേലി കരുവന്‍റവിടെ രാജേഷ്, മുള്ളമ്പത്ത് മുക്കാവുമ്മല്‍ ബിനു, മുള്ളമ്പത്ത് തയ്യുള്ളതില്‍ ശശി, നരിപ്പറ്റ മൊയിലോത്ത് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതികള്‍ ഗൂഢാലോചന, വധശ്രമം, കൊല, സ്ഫോടന വസ്തു നിരോധം വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ എന്നിവ ചെയ്തുവെന്നാണ് കേസ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച നരിപ്പറ്റ പഞ്ചായത്തിലെ ക്വാറികള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വടകര താലൂക്ക് കമ്മിറ്റി നടത്തിയ ധര്‍ണയിലാണ് ആക്രമണം. അനൂപടക്കം നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കേസില്‍ 29 പ്രോസിക്യൂഷന്‍ സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. 53 പ്രോസിക്യൂഷന്‍ രേഖകളും ആറ് കോടതി രേഖകളും 26 പ്രതിഭാഗം രേഖകളും പരിശോധിച്ചു.

 

Tags:    
News Summary - hindu aikyavedi worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.