തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ഹിന്ദു ഐക്യവേദി. സത്യവാങ്മൂലം സത്യവിരുദ്ധമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
പൂരം കൈപ്പിടിയിലാക്കാനുള്ള കാലങ്ങളായുള്ള ശ്രമത്തിന്റെ ഭാഗമാണ് നടത്തിപ്പിന് ദേവസ്വം ബോർഡ് നേതൃത്വത്തിൽ ഉന്നതാധികാര സമിതി വേണമെന്ന ആവശ്യം. തിരുവമ്പാടിയും പാറമേക്കാവും ഘടകക്ഷേത്രങ്ങളും ഒരുമിച്ച് നന്നായി നടത്തുന്ന പൂരത്തിന്റെ മേലധികാരം കൈയാളാനാണ് ഭരണകൂടത്തിന്റെയും ഓശാന പാടുന്നവരുടെയും ശ്രമം.
പ്രദർശനത്തിന് കൂടുതൽ തുക നിശ്ചയിച്ച് ദ്രോഹിക്കാനും പൂരം അലങ്കോലമാക്കാനും ശ്രമിക്കുന്നത് ബോർഡാണ്. കളങ്കിതരും ധാർഷ്ട്യക്കാരും ജനസ്നേഹമില്ലാത്തവരുമായ ഉദ്യോഗസ്ഥരാണ് പൂരം കലക്കിയത്. ഇതിനു പിന്നിൽ ഭരണകൂട ഒത്താശയുണ്ടോയെന്നാണ് അന്വേഷിക്കേണ്ടത്. അനീഷ് കുമാറും ബി. ഗോപാലകൃഷ്ണനും സുരേഷ് ഗോപിയും വൽസൻ തില്ലങ്കേരിയും തിരുവമ്പാടിയും ചേർന്നാണ് പൂരം അലങ്കോലമാക്കിയതെന്ന റിപ്പോർട്ട് പച്ചക്കള്ളമാണ്.
ദേവസ്വം ബോർഡ് ഇതിന്റെ തെളിവുകൾ ജനസമക്ഷം അവതരിപ്പിക്കണം. യഥാർഥ സംഭവം പുറത്തുവരാതിരിക്കാനും ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുമുള്ള ജൽപനം മാത്രമാണിവ. ദേവസ്വം ബോർഡ് കേവലം രാഷ്ട്രീയക്കാരെപ്പോലെ അഭിപ്രായം പറയരുതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.