അമേരിക്കയിലെ ഫ്ളാറ്റില്‍ അഗ്നിബാധ; ചേര്‍ത്തല സ്വദേശികളായ മൂന്നംഗ കുടുംബം ഉള്‍പ്പെട്ടെന്ന് വിവരം

ചേര്‍ത്തല: അമേരിക്കയിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ ചേര്‍ത്തല സ്വദേശികളായ മൂന്നംഗ മലയാളി കുടുംബം ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പട്ടണക്കാട് പുതിയകാവ് സ്കൂളിന് സമീപം ഗീതാജ്ഞലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന്‍ ഡോ. വിനോദ് ബി. ദാമോദരന്‍ (44), ഭാര്യ ശ്രീജ (38), മകള്‍ ആര്‍ദ്ര (13) എന്നിവരാണ് അപകടത്തില്‍പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്.

ഇവര്‍ താമസിച്ച ന്യൂജഴ്സി ഹില്‍സ് ബരോവ് അപ്പാര്‍ട്മെന്‍റില്‍ കഴിഞ്ഞ തിങ്കളാഴ്ച അഗ്നിബാധയുണ്ടായി ഇരുപതോളം പേര്‍ മരിച്ചിരുന്നു. മൂന്നുപേരുടേതൊഴികെ മറ്റെല്ലാവരുടെയും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. അതേസമയം, ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കളാഴ്ചമുതല്‍ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആശങ്കയിലായി. ന്യൂജഴ്സിയിലെ റട്ട്ഗേഴ്സ് സര്‍വകലാശാലയിലെ റിസര്‍ച് സയന്‍റിസ്റ്റാണ് ദാമോദരന്‍. ബന്ധുക്കള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പെട്ടത് ഇവരാണെന്ന് സൂചന ലഭിച്ചത്. എംബസി, നോര്‍ക്ക, മലയാളി അസോസിയേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് വീട്ടുകാര്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ നാട്ടില്‍ അവസാനമായി വന്നത്.

നേരത്തേ മുംബൈയില്‍ ജോലിചെയ്തിരുന്ന ഡോ. വിനോദ് എട്ടുവര്‍ഷത്തോളം മുമ്പാണ് കുടുംബസമേതം അമേരിക്കയിലേക്ക് പോയത്. ഭാര്യ ശ്രീജ തിരുവല്ല പൊടിയാടി സ്വദേശിനിയാണ്. മകള്‍ ആര്‍ദ്ര അവിടെ എട്ടാംക്ളാസ് വിദ്യാര്‍ഥിനിയാണ്.


 

Tags:    
News Summary - HILLSBOROUGH, NEW JERSEY, FIRE AT APARTMENT COMPLEX

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.