തിരുവനന്തപുരം: ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുത്തതിലും പുനരധിവാസ ഫണ്ട് അനുവദിച്ചതിലും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ അഴിമതിയെന്ന് വിജിലൻസ്. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 32 ഓഫിസുകളിൽ ശനിയാഴ്ച വിജിലൻസ് നടത്തിയ ഓപറേഷൻ ‘അധിഗ്രഹണി’ലാണ് കണ്ടെത്തൽ. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ക്രമക്കേട് -ആറ്. കൊല്ലം -അഞ്ച്, എറണാകുളം -നാല്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ - മൂന്ന് വീതം. മലപ്പുറം, കാസർകോട് രണ്ട് വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ഒന്നുവീതവും ക്രമക്കേട് കണ്ടെത്തി.
ഏറ്റെടുക്കുന്ന ഭൂമിയും അതിലെ നിർമിതികളും സംബന്ധിച്ച് വ്യാജരേഖ ചമച്ചാണ് ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ നേതൃത്വത്തിൽ തട്ടിപ്പ്. ഹൈവേ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമി ഉടമകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വസ്തുവകകളുടെ നഷ്ടപരിഹാര തുകക്ക് പുറമേ അധിക ധനസഹായവും നൽകിവരുന്നുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയിൽ താമസിക്കുന്നവർക്ക് പുതിയ ഭവനം നിർമിക്കുന്നതുവരെ വാടകയിനത്തിലോ, മറ്റേതെങ്കിലും വിധത്തിൽ താമസസൗകര്യം ഒരുക്കുന്നതിനോ ആണിത്. ഏറ്റെടുത്ത ഭൂമിയിൽ കച്ചവട സ്ഥാപനം ഉണ്ടായിരുന്നവർക്കും അധിക ധനസഹായം നൽകുന്നുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് 2.86 ലക്ഷം രൂപയും കച്ചവട സ്ഥാപനം നഷ്ടപ്പെട്ടവർക്ക് 75,000 രൂപയുമാണ് അധികമായി നൽകുന്നത്.
ഏറ്റെടുക്കുമ്പോൾ ഉടമ അതേ ഭൂമിയിലെ വീട്ടിൽ തന്നെയാണോ താമസിച്ചിരുന്നതെന്ന് തെളിയിക്കുന്ന രേഖ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ലാൻഡ് അക്വിസിഷൻ തഹസിൽദാർക്കാണ്. ഉടമസ്ഥന് ഒന്നിലധികം വീടില്ലെന്നും വാടക വീട്ടിലായിരുന്നില്ല താമസിച്ചിരുന്നതെന്നും റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതും എൽ.എ തഹസിൽദാറാണ്. എന്നാൽ, കൃത്യമായ പരിശോധനയില്ലാതെ റിപ്പോർട്ട് ഒപ്പിച്ച് പുനരധിവാസ തുക അനുവദിക്കുന്നതാണ് ഒരു തട്ടിപ്പ് രീതി.
ഏറ്റെടുത്ത വസ്തുവിന്റെ മൂല്യം അനുസരിച്ച് എ,ബി,സി,ഡി ആയി തരംതിരിച്ച് വിജ്ഞാപനം ചെയ്തശേഷം കൂടുതൽ നഷ്ടപരിഹാര തുക നേടിയെടുക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. ഉടമയുടെ അപേക്ഷയിൽ കാറ്റഗറി മാറ്റി നൽകി അനർഹമായ ആനുകൂല്യം നേടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.