ഹൈറിച്ച് കമ്പനി തട്ടിപ്പ്: മന്ത്രിമാർക്കെതിരെ അനില്‍ അക്കര

തൃശൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്പനിക്കെതിരായ തട്ടിപ്പ് കേസിൽ റവന്യൂ-ധന മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ എം.എല്‍.എയും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായ അനില്‍ അക്കര. 750 കോടിയുടെ മണിചെയിൻ തട്ടിപ്പ് ജി.എസ്.ടി വെട്ടിപ്പ് മാത്രമാക്കി മാറ്റി പ്രതികളെ രക്ഷിക്കാന്‍ മന്ത്രിതല ഗൂഢാലോചനയാണ് നടന്നതെന്ന് അനില്‍ അക്കര വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.

കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ മരവിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തൃശൂർ കലക്ടറെ ചുമതലപ്പെടുത്തി നവംബർ 22ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബഡ്‌സ് ആക്ട് കോമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗള്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, അടിയന്തരമായി നടപ്പാക്കേണ്ട ഈ ഉത്തരവ് പൂഴ്ത്തിവെക്കുകയാണ് റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികളുെടയും സ്ഥാപനത്തിെന്റയും സ്വത്ത് കണ്ടുകെട്ടുന്നതിന് പകരം സംസ്ഥാന ജി.എസ്.ടി വിഭാഗത്തെക്കൊണ്ട് റെയ്ഡ് നടത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നത് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരുടെ ഒത്താശയോടെയാണ്. ജി.എസ്.ടി റെയ്ഡ് പ്രതികള്‍ക്കെതിരായ നീക്കമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. മണിചെയിന്‍ തട്ടിപ്പിലൂടെ 750 കോടി രൂപയാണ് പ്രതികള്‍ സ്വീകരിച്ചത്. ഇത് 1978ലെ പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) നിയമപ്രകാരം കുറ്റകരമാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയിലും ഈ വിഷയം വരുമെന്നും അനിൽ അക്കര പറഞ്ഞു. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വൈശാഖ് നാരായണസ്വാമി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

‘ഹൈ റിച്ചി’ന്‍റെ സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്യും

തൃശൂർ: പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരിച്ച് നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാൻ കലക്ടര്‍ ഉത്തരവിട്ടു.

Tags:    
News Summary - Highrich company fraud: Anil Akkara against ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.