മലബാറിലെ ഹയർസെക്കൻഡറി പ്രശ്നം: പ്രഫ. കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയനവർഷം നടപ്പിലാക്കണം, മുഖ്യമന്ത്രിക്ക് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റി​െൻറ തുറന്ന കത്ത്

കോഴിക്കോട്: മലബാറിലെ ഹയർസെക്കൻഡറി പ്രശ്നം പരിഹരിക്കുന്നതിനായി പ്രഫ. കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയനവർഷം നടപ്പിലാക്കണമെന്ന് വെൽ​ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിലൂടെ ഈ വിഷയം അവതരിപ്പിച്ചത്.

കത്ത് പൂർണ രൂപത്തിൽ:

ശ്രീ പിണറായി വിജയൻ,

താങ്കളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ ഇടതുപക്ഷ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനം താങ്കളുടെ ഓർമ്മയിലേക്ക് കൊണ്ടുവരാനാണ് ഈ എഴുത്ത്. മലബാറിലെ ആറ് ജില്ലകൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധികളിൽ ഒന്നാണ് ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധി. ഓരോ വർഷവും പ്ലസ് വൺ അഡ്മിഷൻ പ്രക്രിയ ആരംഭിക്കുമ്പോഴെല്ലാം ഈ വിഷയം ഉയർന്നത് താങ്കൾ ശ്രദ്ധിച്ചിരിക്കുമല്ലോ. താങ്കൾ മുഖ്യമന്ത്രിയായ 2016 - 21 ഭരണകാലയളവിലും മലബാർ ജില്ലകളിൽ ഈ സീറ്റ് പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ടുളള വിവിധ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷ നേതാവും ചില എം.എൽ.എമാരും ഈ പ്രശ്നങ്ങൾ താങ്കളുടെയടക്കം ശ്രദ്ധയിൽ പലതവണ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ തുടർച്ചയായാണല്ലോ ഇടതുമുന്നണി 2021 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ മലബാറിലെ വിദ്യാഭ്യാസ പ്രശ്നം പഠിച്ചശേഷം പരിഹരിക്കുമെന്ന് എഴുതിച്ചേർത്തത്.

ഇങ്ങനെ വീണ്ടും അധികാരത്തിൽ വന്നപ്പോൾ വിഷയം പഠിക്കുവാൻ വേണ്ടി താങ്കളുടെ സർക്കാർ നിശ്ചയിച്ചതാണല്ലോ പ്രൊഫ. കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ കമ്മറ്റിയെ. അവരിപ്പോൾ മലബാറിലെ ഹയർസെക്കന്ററി പ്രശ്നം പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നു.കഴിഞ്ഞ കുറച്ചു വർഷങ്ങളായി സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താങ്കളുടെ സർക്കാരടക്കം ചെയ്തുകൊണ്ടിരിക്കുന്ന 30 ശതമാനം വരെയുള്ള മാർജിൻ സീറ്റ് വർദ്ധനവ് അശാസ്ത്രീയമാണെന്നും അതിനി ആവർത്തിക്കരുത് എന്നും കമ്മിറ്റി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. മലബാർ ജില്ലകളിൽ ആവശ്യമായ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കലും ഹയർസെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളെ ഹയർ സെക്കൻഡറി അപ്ഗ്രേഡ് ചെയ്യലും മാത്രമാണ് പ്രശ്നപരിഹാരമെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന നൂറിനടുത്ത ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് പുനക്രമീകരിച്ച് നൽകാമെന്ന നിർദ്ദേശവും കമ്മറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.

മലബാർ ഈ വിഷയത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴമറിയാൻ ഈ വർഷത്തെ സീറ്റ് ലഭ്യതയുടെ കണക്ക് താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിലായി ഈ വർഷം SSLC വിജയിച്ചത് 225702 വിദ്യാർഥികളാണ്. സർക്കാർ - എയ്ഡഡ് മേഖലകളിലായി ഈ ജില്ലകളിലുള്ള പ്ലസ് വൺ സീറ്റുകൾ 144500. അപ്പോൾ 81202 പേർക്ക് നിലവിൽ ഇവിടെ +1 സീറ്റില്ല. ആറ് ജില്ലകളിലായി VHSE സീറ്റുകളുള്ളത് 9625. ഐ.ടി.ഐ സീറ്റുകൾ 11350. പോളിടെക്നിക് 4175 . ഇതൊക്കെ ചേർത്താലും 169650 ഉപരിപഠന സാധ്യതകളെ മലബാറിൽ ഉള്ളൂ. അപ്പോഴും 56052 കുട്ടികൾക്ക് ഉപരിപഠന സാധ്യത പൊതുമേഖലയിൽ ലഭ്യമല്ല.

ഒരു ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സാമൂഹ്യ അനീതിക്ക് അറുതി വരുത്താൻ കൂടി പ്രഫ.കാർത്തികേയൻ കമ്മീഷൻ നിർദ്ദേശങ്ങൾ ഈ അധ്യായന വർഷത്തെ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ നടപ്പാക്കേണ്ടതുണ്ട്. അതിലേക്ക് താങ്കളുടെയും മന്ത്രിസഭയുടെയും സജീവ ശ്രദ്ധ ക്ഷണിക്കുകയാണ്. സാമൂഹിക അനീതിക്കെതിരെ എന്നും സമരസജ്ജരായ ചരിത്രമുള്ള ഒരു ജനതയാണ് മലബാർ എന്ന് താങ്കൾക്ക് അറിയാമല്ലോ. അത്തരം തീക്ഷണമായ സമരങ്ങളിലേക്ക് ഈ ജനതയെയും അവരെ പ്രതിനിധീകരിക്കുന്ന ജനപക്ഷ കൂട്ടായ്മകളെയും തള്ളി വിടാതെ , വരും ദിവസങ്ങളിൽ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് എഴുത്ത് ചുരുക്കുന്നു.

റസാഖ് പാലേരി

Tags:    
News Summary - Higher Secondary Issue in Malabar: An Open Letter from the Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.