പി.എസ്.സി പരീക്ഷാ കോപ്പിയടിയിൽ പിടിയിലായ മുഹമ്മദ് സഹദ്
കണ്ണൂർ: പി.എസ്.സി പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് സഹദിന് സഹായിയായ പെരളശ്ശേരി സ്വദേശിയും പിടിയിൽ. സാബിൽ. എ (23) എന്ന യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 27ന് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഗ്രേഡ് വൺ തസ്തികയ്ക്കുള്ള മെയിൻ പരീക്ഷയിലാണ് സംഭവം. പരീക്ഷക്കിടെ ബട്ടൺ ക്യാമറ വഴി ചോദ്യപേപ്പർ സുഹൃത്തായ സാബിലിന് അയച്ചശേഷം, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു മുഹമ്മദ് സഹദ്. പി.എസ്.സി വിജിലൻസ് സ്ക്വാഡ് പരിശോധനക്കെത്തിയപ്പോഴായിരുന്നു കോപ്പിയടി കൈയോടെ പിടികൂടിയത്.
കോപ്പിയടി കണ്ടെത്തിയപ്പോൾ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് സഹദിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.
പോലീസ് അന്വേഷണത്തിൽ, നാലോളം പരീക്ഷകളിൽ സമാനമായ രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പോലും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ദീപ്തി വി.വി., എസ്.ഐ അനുരൂപ് കെ., എസ്.ഐ വിനോദ് കുമാർ പി., എസ്.സി.പി.ഒ സജിത്ത്, സി.പി.ഒ രോഹിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സമീപകാലത്തെ ഏറ്റവും വിദഗ്ധമായ ഹൈടെക് കോപ്പിയടിയാണ് കണ്ണൂരിൽ നടന്നത്. കടും നീല ഷർട്ടിന്റെ മൂന്നാമത്തെ ബട്ടൺ പറിച്ചുമാറ്റിയാണ് മഞ്ചാടിക്കുരു വലിപ്പമുള്ള കാമറ ഘടിപ്പിച്ചാണ് മുഹമ്മദ് സഹദ് കോപ്പിയടി നടത്തിയത്. ബട്ടൺ പറിച്ചുമാറ്റിയ സ്ഥാനത്ത് സേഫ്റ്റി പിൻ ഘടിപ്പിച്ചിരുന്നു. അതിലാണ് കറുത്ത നിറമുള്ള കാമറയുണ്ടായിരുന്നത്. മേശപ്പുറത്തുള്ള ചോദ്യപേപ്പർ സ്കാൻ ചെയ്യാൻ കാമറക്കു അഭിമുഖമായി കുത്തനെ വെക്കുമ്പോഴാണ് പി.എസ്.സി കണ്ണൂർ ജില്ല ഓഫിസർ ഷാജി കച്ചുമ്പ്രോന് സംശയം തോന്നിയത്.
നേരത്തേ നിരീക്ഷണത്തിലുള്ളയാൾ എന്ന നിലക്കാണ് പി.എസ്.സി ഓഫിസർ നേരിട്ട് പരീക്ഷ ഹാളിൽ എത്തിയത്. ചോദ്യം ചെയ്യുമ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ, ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ച ബാറ്ററി ഘടിപ്പിച്ച ഉപകരണവും പാന്റിന്റെ ഉള്ളിലുള്ള വൈഫൈ റൂട്ടറും നിലത്തുവീണു. ഇയാൾ എഴുതിയ മുഴുവൻ പരീക്ഷകളും പി.എസ്.സി പരിശോധിക്കുന്നുണ്ട്. പരീക്ഷയിൽനിന്ന് പൂർണമായി വിലക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.