കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തിൽ കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് ആനയെ എഴുന്നള്ളിച്ച സംഭവത്തിൽ കോടതിയലക്ഷ്യ നടപടി നേരിടുന്ന ദേവസ്വം ഓഫിസർ രഘുരാമന് സ്വീകരണം നൽകിയ സംഭവത്തിൽ ഹൈകോടതിയുടെ വിമർശനം.
കോടതി നടപടികളെ തമാശയായി കാണുകയാണോയെന്ന് കോടതിയിൽ ഹാജരായ രഘുരാമനോട് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു. ജനങ്ങളുടെ ജീവൻ വെച്ചാണ് ഈ കളി. ഭഗവാന്‍റെ പേരിലാണിതെല്ലാം ചെയ്യുന്നത്. പത്തുപേർ കൂടിനിന്ന് കൈയടിച്ചതിന്‍റെ പേരിൽ ഹീറോ ആകാൻ ശ്രമിക്കരുത്. പൊന്നാട അണിയിച്ചത് ആരാണെന്ന് അറിയിക്കണമെന്നും നിയമത്തെ വെല്ലുവിളിക്കാനാണ് ശ്രമമെങ്കിൽ പാഠം പഠിപ്പിക്കുമെന്നും രഘുരാമന് മുന്നറിയിപ്പ് നൽകി.
ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം പാലിക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് ക്ഷേത്രോത്സവത്തിൽ അത് പാലിക്കപ്പെടാതെ പോയത്. അതിനാൽ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യാനും നിർദേശിച്ചു. മൂന്നുമീറ്റർ അകലം പാലിക്കണമെന്ന ഉത്തരവ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന വിശദീകരണമല്ല വേണ്ടത്.
മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതും ഒട്ടകത്തെ ഇറച്ചിക്കായി കൊണ്ടുവന്നതുമായ സംഭവങ്ങളിലും വിശദീകരണം തേടി. പുതിയങ്ങാടിയിൽ ജനങ്ങളും ആനകളും തമ്മിൽ എത്ര അകലം പാലിച്ചിരുന്നുവെന്നതടക്കം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.