ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമല ഇടത്താവളങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയ പരിഗണിച്ച ഹരജിയിലാണ് കർശന നിർദേശം നൽകിയത്. ഇക്കാര്യത്തിൽ വീഴ്ചകളുണ്ടായാൽ അറിയിക്കാൻ ദേവസ്വം കമീഷണർമാരോടും ആവശ്യപ്പെട്ടു. ഇടത്താവളങ്ങളിലും തീർഥാടകർ എത്തുന്ന മറ്റ് ക്ഷേത്രങ്ങളിലും മതിയായ സൗകര്യം ഒരുക്കാൻ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ, ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി എന്നിവർക്കാണ് നിർദേശം നൽകിയത്.

52 ഇടത്താവളങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ളത്. ഇവിടെയെല്ലാം അന്നദാനം ഉണ്ടാകുമെന്ന് ബോർഡ് അറിയിച്ചു. കൊച്ചി ദേവസ്വം ബോർഡ് അഞ്ചിടത്ത് തീർഥാടകർക്കായി സൗകര്യം ഒരുക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ശബരിമല തീർഥാടനകാലത്ത് പുലർച്ച 3.30ന് നട തുറക്കും. തീർഥാടകർക്കായി പ്രത്യേക ക്യൂ ഉണ്ടാകും. രാവിലെയും ഉച്ചക്കും വൈകീട്ടും സൗജന്യമായി ഭക്ഷണം നൽകും. പാർക്കിങ്ങിനടക്കം കൂടുതൽ സൗകര്യമുണ്ടാകും.

ശബരിമല തീർഥാടകർക്ക് സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ക്ഷേത്രോപദേശക സമിതിയും കാര്യക്ഷമമായ നടപടി സ്വീകരിക്കണം. ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിൽ ദേവസ്വം കമീഷണർമാരും ഗുരുവായൂർ ക്ഷേത്രത്തിൽ ഡെപ്യൂട്ടി അഡിമിനിസ്ട്രേറ്ററും ഇടക്കിടെ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തണം. വിഷയം നവംബർ 15ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - High Court to provide facilities for Sabarimala pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.