കൊച്ചി: ദേശീയപാത വികസനത്തിന് വേണ്ടി നടക്കുന്ന നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈകോടതി സ്റ്റേ ചെയ്തു. 2024 ജനുവരി നാല് വരെയാണ് സ്റ്റേ. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മലയിൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. കേന്ദ്ര മാർഗരേഖ പാലിച്ചല്ല മണ്ണെടുപ്പെന്ന ജില്ല കലക്ടറുടെ റിപ്പോർട്ട് ഹരജിക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചു. മണ്ണെടുപ്പിന് സുരക്ഷ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
നൂറനാട്ടെ മണ്ണെടുപ്പ് വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനെതിരെ നാട്ടുകാർ റോഡ് ഉപരോധമുൾപ്പെടെയുള്ള സമരവുമായ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ രാപ്പകല്‍ സമരം തുടരുന്നതിനിടെ ആണ് അനുകൂല വിധിയുണ്ടാകുന്നത്.
ആലപ്പുഴ ജില്ലയില്‍ ആകെയുള്ളത് രണ്ട് മലനിരകളാണ്. ഈ കുന്നുകളുടെ അടിവാരത്താണ് കരിഞ്ഞാഴി പുഞ്ച. പ്രദേശത്ത് ജലലഭ്യത ഉറപ്പ് വരുത്തുന്ന തണ്ണീർത്തടങ്ങള്‍. കുന്നുകള്‍ ഇല്ലാതാവുന്നതോടെ ഈ തണ്ണീർത്തടങ്ങള്‍ വറ്റും. പിന്നെ കുടിവെള്ളത്തിന് നാട്ടുകാർ നെട്ടോട്ടമോടണം എന്നതാവും അവസ്ഥ. ഇവിടെ നിന്ന് എട്ട് കിലോമീറ്ററിനപ്പുറം ജനവാസമില്ലാത്ത മേഖലകളുണ്ട്. മണ്ണെടുപ്പ് തുടർന്നാൽ രണ്ട് വർഷത്തിനുള്ളില്‍ ദേശീയ പാത നിർമാണം പൂർത്തിയാകുമ്പോള്‍ ആലപ്പുഴ ജില്ലയിലെ രണ്ട് മലനിരകളും ഇല്ലാതാവും. ഒന്ന് പാലമേല്‍ പഞ്ചായത്തിലും മറ്റൊന്ന് മുളക്കുഴ പഞ്ചായത്തിലും. മുളക്കുഴയിലെ കുന്നുകളില്‍ നിന്ന് ഇതിനകം പകുതിയിലേറെ മണ്ണെടുത്തുകഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.