കൊച്ചി: റബറിെൻറ താങ്ങുവില ഉചിതമായ നിരക്കിൽ നിശ്ചയിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് കെ.എ. ജോസഫ്, ജനറൽ സെക്രട്ടറി ബിജു പി. തോമസ്, ഇൻഫാം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാറുകൾക്കും റബർ ബോർഡിനുമടക്കം സിംഗിൾ ബെഞ്ച് നോട്ടീസ് ഉത്തരവായത്. ഹരജി മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
റബർ നിയമത്തിലെ സെക്ഷൻ-13 പ്രകാരം റബറിന് കാലാകാലങ്ങളിൽ ഉചിതമായ താങ്ങുവില പുതുക്കി നിശ്ചയിക്കാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ടെന്ന് ഹരജിയിൽ പറയുന്നു. 2002നുശേഷം ഇൗ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നാണ് ഹരജിയിലെ ആരോപണം.
കൂലി ഉൾപ്പെടെയുള്ള ഉൽപാദനച്ചെലവ്, ഹെക്ടർ അടിസ്ഥാനത്തിലുള്ള ആദായം തുടങ്ങിയവ പരിഗണിച്ച് റബറിന് താങ്ങുവില പ്രഖ്യാപിക്കാൻ ഹരജിക്കാർ കേന്ദ്രസർക്കാറിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതിൽ നടപടിയുണ്ടായില്ല. തുടർന്ന് ഹൈകോടതിയെ സമീപിച്ചപ്പോൾ നിവേദനത്തിൽ ഉചിത തീരുമാനമെടുക്കാൻ ഉത്തരവുണ്ടായി. എന്നാൽ, ഹരജിക്കാരെ കേൾക്കാതെയുള്ള തീരുമാനമാണ് കേന്ദ്രസർക്കാറിൽ നിന്നുണ്ടായതെന്ന് ഹരജിയിൽ പറയുന്നു.
പരുത്തി, ചണം, പുകയില തുടങ്ങിയ കാർഷികവിളകളുടെ തരത്തിൽ റബറിനെ പരിഗണിക്കണം, കമീഷൻ ഫോർ അഗ്രികൾചർ കോസ്റ്റ് ആൻഡ് പ്രൈസ് (സി.എ.സി.പി) റിപ്പോർട്ട് വിളിച്ചുവരുത്തി ഇതുകൂടി പരിഗണിച്ച് താങ്ങുവില നിശ്ചയിക്കണം, കേന്ദ്രസർക്കാർ താങ്ങുവില നിശ്ചയിക്കുന്നതു വരെ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ച് നിശ്ചിത തുകയ്ക്ക് ആഭ്യന്തര വിപണയിൽനിന്ന് റബർ വാങ്ങാൻ റബർ ബോർഡിന് നിർദേശം നൽകണം എന്നിവയാണ് ഹരജിയിലെ ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.