വോട്ട്​ ചെയ്യാൻ വരിനിൽക്കുന്നവർക്ക്​ ഇരിപ്പിടം ഒരുക്കണമെന്ന്​ ഹൈകോടതി

കൊച്ചി: വോട്ട്​ ചെയ്യാൻ കാത്തുനിൽക്കുന്നവർക്ക് വരിതെറ്റാ​ത്ത രീതിയിൽ ഇരിപ്പിട സൗകര്യമൊരുക്കണമെന്ന് ഹൈകോടതി. ആവശ്യപ്പെടുന്നപക്ഷം കുടിവെള്ളവും നൽകണം. അടുത്ത്​ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽതന്നെ ഇത്​ നടപ്പാക്കണമെന്നും തെരഞ്ഞെടുപ്പ്​ കമീഷനോട്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ക്യൂ നിൽക്കുന്നവരുടെ എണ്ണവും ഏകദേശ കാത്തിരിപ്പ് സമയവും വോട്ടർക്ക് വീട്ടിലിരുന്നുതന്നെ തത്സമയം അറിയാൻ കഴിയുന്ന മൊബൈൽ/ വെബ് ആപ്പ് പരിഗണിക്കണമെന്നും നിർദേശമുണ്ട്​.

ഒരു പോളിങ്​ സ്റ്റേഷനിൽ ഒരു ബൂത്ത് എന്ന് പരിമിതപ്പെടുത്തിയ നടപടിമൂലം മുതിർന്ന പൗരന്മാരടക്കം നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കോട്ടയം വെള്ളൂർ സ്വദേശി എൻ.എം. താഹ, തൃശൂർ പോർക്കുളം പഞ്ചായത്തിൽ അധിക ബൂത്തുകൾ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.വി. ബാലചന്ദ്രൻ എന്നിവർ സമർപ്പിച്ച ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

ഒരു ഗ്രാമപഞ്ചായത്ത്​ ബൂത്തിൽ 1200 വോട്ടർമാരും നഗരസഭയിൽ 1500 വോട്ടർമാരും എന്നകണക്കിൽ രാവിലെ ഏഴുമുതൽ വൈകീട്ട്​ ആറുവരെ വോട്ടിങ്​​ അനുവദിച്ചാൽ ഒരു വോട്ടർക്ക്​ 30-40 സെക്കൻഡാണ് രജിസ്റ്ററിൽ ഒപ്പിടാനും വോട്ട്​ ചെയ്യാനുമായി ലഭിക്കുക. ഇത് അപര്യാപ്തവും അപ്രായോഗികവുമാണ്​. ത്രിതല പഞ്ചായത്തുകളിലേക്ക് മൂന്ന്​ വോട്ട് വീതം ചെയ്യേണ്ടതിനാൽ ബുദ്ധിമുട്ട്​ വർധിക്കും. എല്ലാവരും വോട്ടിങ്ങിന്​ എത്താറില്ലെന്ന കമീഷന്‍റെ വാദം അംഗീകരിക്കാനാവില്ല. നീണ്ട വരികണ്ട് ആരെങ്കിലും വോട്ടവകാശം രേഖപ്പെടുത്താതെ മടങ്ങിയാൽ അത് ജനാധിപത്യത്തിന്റെ മരണമണിയാണ്. ബൂത്തുകൾ കുറവാണെന്ന ഹരജിക്കാരുടെ ആശങ്ക ശരിയാണെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിക്കുമെന്നതിനാൽ ഇടപെടുന്നില്ല. ഭാവി തെരഞ്ഞെടുപ്പുകളിൽ ഇക്കാര്യം പരിഗണിക്കണമെന്നും മുഴുവൻ വോട്ടർമാരും ബൂത്തിലെത്തുമെന്ന കണക്കുകൂട്ടലിൽ ഒരുക്കം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്കൂളുകളിലോ ഓഫിസുകളിലോ ആണ്​ ബൂത്തെങ്കിൽ അവിടത്തെ കസേരകളും ബെഞ്ചുകളും ഇരിപ്പിടത്തിന് ഉപയോഗിക്കാം​. നിൽക്കാൻ താൽപര്യമുള്ളവരെ അതിനും അനുവദിക്കണം. ആപ്പ് സജ്ജമാക്കുന്ന കാര്യം കമീഷൻ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് ഈ തെരഞ്ഞെടുപ്പിൽ നടപ്പാക്കണം. തോൽക്കുന്നവരുണ്ടെങ്കിലേ ജയിക്കുന്നവരുണ്ടാകൂയെന്നതാണ്​ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന ഗാന്ധിയുടെ ആശയവും കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

Tags:    
News Summary - High Court orders seating for those queuing to vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.