കൊച്ചി: മിശ്രവിവാഹിതയായ യുവതിയുടെ പുതിയ പേര് വിവാഹ രജിസ്റ്ററിൽ അധിക എൻട്രിയായി ചേർത്ത് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ ഹൈകോടതി ഉത്തരവിട്ടു. കൊച്ചി പള്ളുരുത്തി സ്വദേശി അഹമ്മദ് മുഹ്സിന്റെ ഭാര്യ ആയിഷ മുഹ്സിൻ (ശ്രീജ) സമർപ്പിച്ച ഹരജിയിലാണ് പുതിയ സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം കൈമാറാൻ കുത്തിയതോട് സബ് രജിസ്ട്രാർക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയത്.
പ്രണയിച്ച് വിവാഹം കഴിക്കുമ്പോഴുണ്ടായിരുന്ന ശ്രീജ എന്ന പേരിലാണ് കുത്തിയതോട് പഞ്ചായത്ത് യുവതിക്ക് വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചത്. പിന്നീട് ശ്രീജ സ്വമേധയാ ഇസ്ലാംമതം സ്വീകരിക്കുകയും ആറുവർഷത്തിനുശേഷം ആയിഷ എന്ന് പേര് മാറ്റുകയുംചെയ്തു. ഇത് ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. എല്ലാ തിരിച്ചറിയൽ രേഖകളിലും പേരുമാറ്റം നടത്തി.
യു.എ.ഇയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ കുടുംബ വിസക്ക് ശ്രമിച്ചപ്പോൾ പുതിയ പേരിലുള്ള വിവാഹ സർട്ടിഫിക്കറ്റ് അനിവാര്യമായതിനാൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നൽകാൻ വിസമ്മതിക്കുകയായിരുന്നു. വിവാഹ രജിസ്റ്ററിൽ വലിയ മാറ്റങ്ങൾ വരുത്താൻ അനുമതിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പിഴവുകളോ വ്യാജ എൻട്രികളോ ഉണ്ടെന്ന് തെളിവ് ലഭിച്ചാൽ പോലും രജിസ്റ്ററിന്റെ മാർജിനിൽ എഴുതി വെക്കാനുള്ള അനുമതി മാത്രമാണുള്ളത്.
ഹരജിക്കാരി ശ്രീജ എന്ന പേരിൽതന്നെ ഫാമിലി വിസ തേടുന്നതിൽ എന്താണ് തെറ്റെന്നും ഈ പേര് ഉപയോഗിക്കുന്നതിന് ഇസ്ലാമിൽ വിലക്കില്ലല്ലോയെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇതുസംബന്ധിച്ച് ഗൾഫിലുള്ള ഭർത്താവിന്റെ നിലപാട് തേടി.
എന്നാൽ, രണ്ടരമാസം കഴിഞ്ഞിട്ടും ഭർത്താവ് രേഖാമൂലം മറുപടി നൽകാതെ ഓൺലൈനിൽ ഹാജരാകാമെന്ന് അറിയിക്കുകയാണ് ചെയ്തത്. പിന്നീട് കോടതി ഹരജിക്കാരിയുടെ മാതാപിതാക്കളുടെ അഭിപ്രായം തേടി. മകളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും ആയിഷ എന്ന പേര് സ്വീകരിച്ചതിൽ എതിർപ്പില്ലെന്നും അവർ പറഞ്ഞു. സമാനവിഷയത്തിൽ ഹൈകോടതികളുടെ മുൻകാല വിധികളും സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണെന്നതുമടക്കം പരിശോധിച്ച സിംഗിൾ ബെഞ്ച്, തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ മതസ്ഥർക്ക് വിവാഹത്തിലൂടെ ഒരുമിക്കാമെന്നതാണ് മതേതര ഇന്ത്യയുടെ സൗന്ദര്യമെന്നും പേരുമാറ്റാതെതന്നെ മിശ്രവിവാഹം നിയമപരമാക്കാമെന്നതാണ് സ്പെഷൽ മാര്യേജ് ആക്ടിന്റെ സൗന്ദര്യമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.