ടൂറിസ്റ്റ്​ ബസുകളുടെ ഏകീകൃത നിറത്തിൽ ഹൈകോടതി; സാവകാശം അനുവദിക്കില്ല

കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ നിറം ഏകീകരിക്കുന്നത് സംബന്ധിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ഏകീകൃത നിറം നൽകുന്നതിന് സാവകാശം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കളർ കോഡ് നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളി. മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ കെ.എസ്.ആർ.ടി.സി ബസിൽ പരസ്യം വേണ്ടെന്നും ചട്ടങ്ങൾ പാലിക്കുന്നതിൽ പൊതു-സ്വകാര്യ വാഹനമെന്ന വേർതിരിവില്ലെന്നും വ്യക്തമാക്കി.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതി പരിഗണിച്ചത്. അപകടത്തിൽ സ്കൂൾ അധിക‌‌ൃതർക്കും മോട്ടോർ വാഹന വകുപ്പിനും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. അപകടത്തിനു മുമ്പ് ഇൻസ്റ്റഗ്രാമിൽ കുട്ടികൾ പോസ്റ്റ് ചെയ്ത വിഡിയോയിൽനിന്ന് വാഹനത്തിലെ ചട്ടലംഘനങ്ങൾ വ്യക്തമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധ്യാപകർക്ക് മുഖ്യപങ്കുണ്ട്. ഭംഗിയും ആർഭാടങ്ങളുമുള്ള ബസുകൾ കുട്ടികൾ തെരഞ്ഞെടുക്കുമ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത അധ്യാപകർ നിറവേറ്റിയില്ല. വാഹനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട ബാധ്യത മോട്ടോർ വാഹന ഉദ്യോഗസ്ഥ‌ർക്കാണ്. വാഹനങ്ങളുടെ പരിശോധനകൾ കഴിയുന്നതിന് പിന്നാലെ അലങ്കാരങ്ങളും നിയമവിരുദ്ധമായി ഘടിപ്പിച്ച ഉപകരണങ്ങളുമായി ബസുകൾ നിരത്തിലിറക്കുന്നത് പതിവാണ്. ഫിറ്റ്നസ് പരിശോധനക്ക് ശേഷം വാഹനത്തിൽ മാറ്റം വരുത്തിയാൽ ഉടമക്കെതിരെയും നിയമവിരുദ്ധ മാറ്റം വരുത്തുന്ന സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കണം. ഫിറ്റ്നസ് പരിശോധന വിഡിയോയിൽ പകർത്തണം. ഡ്രൈവറുടെയും യാത്രക്കാരുടെയും കാബിനുകളുടെയും ഉൾഭാഗത്തിന്റെയും ചിത്രം ഫയലിൽ സൂക്ഷിക്കണം.

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുംവിധം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളെക്കുറിച്ച് വിഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടിയെടുക്കണം. നിയമവിരുദ്ധമായി മാറ്റം വരുത്തിയ ഇ-ബുൾജെറ്റ് എന്ന വാഹനത്തിന്റെ ചിത്രത്തോടൊപ്പം ഹൈകോടതിയുടെ ഫോട്ടോ ചേർത്ത് ഓൺലൈനിൽ നൽകിയ വ്ലോഗർക്കെതിരെ നടപടി വേണം. അപ്ലോഡ് ചെയ്ത വ്ലോഗറെ കണ്ടെത്തി നടപടി സ്വീകരിക്കണം. കസ്റ്റംസിന്‍റെ അനുമതിയോടെ വിദേശത്തുനിന്ന് ആറു മാസത്തെ ഉപയോഗത്തിനായി നാട്ടിലെത്തിക്കുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ കോടതി നിർദേശിച്ചു. ഇത്തരം വാഹനങ്ങൾ ഏറെയുമെത്തുന്നത് കേരളത്തിലേക്കാണ്. ഇത്തരം വാഹനങ്ങൾ എക്സ്പോകളിലടക്കം പ്രദർശിപ്പിക്കുന്നത് നിയമപ്രകാരമാണോയെന്നും നിയമവിരുദ്ധമായ മാറ്റങ്ങൾ ഇതിൽ വരുത്തുന്നുണ്ടോയെന്നും അറിയിക്കണം.

സീറ്റിന്‍റെ എണ്ണത്തിനനുസരിച്ച് മാത്രമേ ടൂറിസ്റ്റ് ബസിൽ യാത്രക്കാരെ കൊണ്ടു പോകാവൂ. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കാവൂ. ബസിൽ നൃത്തം ചെയ്യുന്നതിന് വിലക്കുണ്ട്. ഇക്കാര്യം അധ്യാപകരടക്കം മുഖവിലയ്ക്കെടുക്കണം. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന് മുമ്പേ നിർദേശിച്ചിട്ടുള്ളതാണ്. ഇതിനെതിരായ ഹരജികൾ നേരത്തേയും തള്ളിയിട്ടുണ്ട്. അതിനാൽ, ഇത് നടപ്പാക്കാൻ ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കക്ഷി ചേരാനുള്ള ടൂറിസ്റ്റ് ബസ് ഫെഡറേഷൻ, കോൺട്രാക്ട് കാര്യേഴ്സ് ഓപറേറ്റഡ് അസോസിയേഷൻ എന്നിവയുടെ അപേക്ഷ അനുവദിച്ച കോടതി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനെയും കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിനെയും സ്വമേധയാ കക്ഷിചേർത്തു. വ്ലോഗർമാരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരെ കക്ഷിചേർത്തത്. വിഷയം 20ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

വടക്കഞ്ചേരി അപകടം: പ്രതികളെ കോടതിയിൽ ഹാജരാക്കി

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വിദ്യാർഥികളടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കസ്റ്റഡി കാലാവധി പൂർത്തിയായ ടൂറിസ്റ്റ് ബസ് ഉടമയെയും ഡ്രൈവറെയും കോടതിയിൽ ഹാജരാക്കി. ഡ്രൈവർ ജോമോൻ (46), ഉടമ അരുൺ (30) എന്നിവരെയാണ് വെള്ളിയാഴ്ച ആലത്തൂർ കോടതിയിൽ ഹാജരാക്കിയത്. അപകടവുമായി ബന്ധപ്പെട്ട് ആലത്തൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ചൊവ്വാഴ്ചയാണ് മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്തതിനൊപ്പം ടൂറിസ്റ്റ് ബസ് മോടിപിടിപ്പിച്ച കോട്ടയം നാട്ടകത്തെ സർവിസ് സ്റ്റേഷനുകളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ജോമോനെതിരെ മനഃപൂർവമായ നരഹത്യയും അരുണിനെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

Tags:    
News Summary - High Court on uniform color of tourist buses; Delays will not be allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.