കൊച്ചി: മലപ്പുറം പുതിയങ്ങാടി പള്ളി നേർച്ചക്കിടെ അനുവദിച്ചതിൽ കൂടുതൽ നേരം ആനകളെ എഴുന്നള്ളിച്ചതായി ഹൈകോടതി. രാത്രി എട്ടു വരെ എഴുന്നള്ളിക്കാനാണ് അനുമതിയുണ്ടായിരുന്നതെങ്കിലും പിറ്റേന്ന് പുലർച്ചെയാണ് ആന ഇടഞ്ഞ സംഭവമുണ്ടായതെന്ന് ജില്ല കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജനുവരി എട്ടിന് പുലർച്ച 12.45നാണ് ആന ഇടഞ്ഞതെന്ന് കലക്ടറുടെ റിപ്പോർട്ടിലുണ്ട്. ആനകളെ രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ട് വരെയും എഴുന്നള്ളിക്കാനാണ് നാട്ടാന പരിപാലന ചട്ടത്തിൽ വ്യവസ്ഥയുള്ളത്. മാത്രമല്ല ആൾക്കൂട്ടം തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
സംഘാടകരിൽ നിന്ന് ശേഖരിച്ച ഇൻഷുറൻസ് പ്രീമിയം അപര്യാപ്തവുമാണ്. എന്താണ് ഇവിടെ നടക്കുന്നതെന്ന് ചോദിച്ച കോടതി അപ്പുറത്തെ പറമ്പിൽ കൊല നടന്നാലും പ്രശ്നമില്ലാത്ത അവസ്ഥയാണെന്നും വാക്കാൽ പരാമർശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.
ആനകളിൽ ഒരെണ്ണം ഇടയുകയും ആക്രമണത്തിൽ ഒരാൾ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.