തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിനെ തുടർന്ന് പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കാന്‍ കമീഷന്‍ തീരുമാനമായി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. 228 ഉദ്യോഗാർഥികളുടെ പേപ്പറുകളും പുനർമൂല്യനിർണയം നടത്തും.
പരീക്ഷ ക്രമക്കേടിൽ പി.എസ്.സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം ആഭ്യന്തര വിജിലൻസ് അന്വേഷിക്കും.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അബദ്ധമാണോ അട്ടിമറിയാണോ എന്ന് അന്വേഷിക്കണമെന്നും കമീഷൻ അറിയിച്ചു.അതേസമയം, കഴിഞ്ഞ ദിവസമാണ് പി.എസ്.സി പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി.
അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്ന് പി.എസ്.സി ഉദ്യോഗാർഥികൾ ആരോപിച്ചു. പരീക്ഷയെഴുതിയ പലരുടെയും ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തിയത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകുകയായിരുന്നു. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ മറ്റ് ഉദ്യോഗാർഥികൾ ആരോപിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലായിരുന്നു നിയമനം നടത്തിയത്. പിഴവ് തിരുത്താതെയാണ് അതിവേഗ നിയമന ശുപാർശ നൽകിയത്. സർക്കാരിനെ നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയതെന്ന് ആരോപണമുയരുന്നു. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ മുമ്പ് നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്.എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്ക് ഉദ്യോഗാർഥികളിൽ നിന്ന് മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു.
പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടാം പേപ്പറിൽ ക്രമക്കേട് നടന്നുവെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. രണ്ടാം പേപ്പറിൽ 100 മാർക്കിന് 28 ചോദ്യങ്ങളുണ്ടായിരുന്നു. ഒരു ഉദ്യോഗാർഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ഒമ്പത് മുതൽ 19 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരീക്ഷ പി.എസ്.സി അട്ടിമറിച്ചെന്ന സംശയം ബലപ്പെടുന്നത്.ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷ നൽകിയവരെ ഒരു വർഷം പി.എസ്.സി വട്ടം കറക്കിയിരുന്നു.
വിവരാവകാശ നിയമപ്രകാരവും ഉത്തരക്കടലാസ് നൽകിയില്ല. ഇതിന് പിന്നാലെ ആസൂത്രണ ബോർഡിലെ ഉന്നത നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ പി.എസ്.സിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.