തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പാക്കിയ സ്ത്രീ സുരക്ഷ പദ്ധതി യു.ഡി.എഫ് സർക്കാർ വന്നശേഷം അട്ടിമറിക്കപ്പെടുന്നുവെന്ന് സംശയിക്കുന്നുലെന്ന് മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. സ്ത്രീ സുരക്ഷ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. രാജ്യത്തിലെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു.
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ ഒരുവശത്തുനിന്ന് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ 30 ലക്ഷത്തിലധികം സ്ത്രീകൾക്ക് നടപ്പാക്കിയ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണ്.
എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച അവസാനത്തെ ബജറ്റിൽ 3720 കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി മാറ്റിവെച്ചിരുന്നത്. അതായത്, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിക്ക് സർക്കാറിന് ആകെ ചെലവാക്കേണ്ടിവരുന്ന 600 കോടിയുടെ ആറ് ഇരട്ടിയിലധികം തുക. തികച്ചും സുതാര്യവും സാർവത്രികവുമായ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ പരാതികളോ ഒരു ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചതിനുശേഷമാണ് അപേക്ഷകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീ സുരക്ഷ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. അനുകൂല്യങ്ങൾ നിർത്തലാക്കുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.