നാരായണന്റെ ചിത: സംഘ്പരിവാറിന് മറുപടിയുമായി ഇർഫാന ഇഖ്ബാൽ

കാസർകോട്: ബന്ധുക്കൾ ഉപേക്ഷിച്ച മുൻ ആർ.എസ്.എസ് പ്രവർത്തകൻ നാരായണന്റെ (64) ചിതയൊരുക്കിയതിനെ ചൊല്ലി സംഘ്പരിവാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കാസർകോട് ജില്ലാ പഞ്ചായത്തംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാൽ. ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയായ കൊണ്ടയൂർ സ്വാമിയുടെ നിർദേശാനുസരണം താനും ട്രസ്റ്റ് ഭാരവാഹികളും ചേർന്നാണ് സംസ്കാരം നടത്തിയതെന്നും ശ്മശാന കമ്മിറ്റിയംഗം രഘുവും കൂടെ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.

വായിൽ കാൻസർ ബാധിച്ച് ഉപ്പളയിലെ കടവരാന്തയിൽ മരണാസന്നനായി കിടന്ന നാരായണനെ ഒരുമാസം മുൻപാണ് ഇർഫാനയുടെ നേതൃത്വത്തിലുള്ള 'ശൈഖ് സാഇദ് ഫൗണ്ടേഷൻ' പ്രവർത്തകർ പരിചരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം അദ്ദേഹം മരിച്ചു. തുടർന്ന് ഉപ്പള ചെറുഗോളി പൊതുശ്മശാനത്തിൽ ഇർഫാനയും ട്രസ്റ്റ് പ്രവർത്തകരും ചേർന്ന് ചിതയൊരുക്കിയത്. എന്നാല്‍, സേവാ ഭാരതിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും ഇര്‍ഫാന ഈ സംഭവത്തില്‍ പേരെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശശികലയടക്കമുള്ള സംഘപരിവാര്‍ അനുകൂലികള്‍ അവകാശപ്പെട്ടിരുന്നു.

‘ജാതി മത വ്യത്യാസമില്ലാതെയാണ് ട്രസ്റ്റിന്റെ പ്രവർത്തനം. വേറെ രീതിയിലേക്ക് വിഷയം കൊണ്ടുപോകാൻ ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിൽ അവരോട് നമുക്ക് ഒന്നും പറയാനില്ല. നാരായണൻ എന്ന വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കാൻ ഞാനും എന്റെ ഭർത്താവ് കെ.എഫ് ഇഖ്ബാലും പിആർഒയും കോർഡിനേറ്ററും ആംബുലൻസ് ഡ്രൈവറും ഷരീഫ് ചിനാലയും അവരുടെ കൂടെ വന്ന രണ്ട് പേരുമാണ് വന്നത്. മരണപ്പെട്ട ആളുകളെ അവരുടെ മതവിശ്വാസപ്രകാരമാണ് സംസ്കരിക്കാറുള്ളത്. ഇത് ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കേണ്ടതിനാൽ ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയായ കൊണ്ടയൂർ സ്വാമിയെ ബന്ധപ്പെട്ടു. സാധാരണ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈന്ദവ ചടങ്ങുകൾക്ക് അദ്ദേഹത്തെയാണ് നമ്മൾ സമീപിക്കാറുള്ളത്.

സംസ്കരിക്കുന്നത് പൊതുശ്മശാനത്തിലായതിനാൽ സ്വാഭാവികളമായി ശ്മശാന കമ്മിറ്റി അംഗവും കൂടെ ഉണ്ടാകും. കമ്മിറ്റി അംഗമായ രഘുവിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നു. ഇതൊക്കെ വിഷ്വലിൽ കൃത്യമായി കാണാൻ കഴിയും’ -ഇർഫാന ഇഖ്ബാൽ പറഞ്ഞു.

നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായിരുന്നില്ല. തുടർന്ന് പൊലീസ് ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സമ്മതപത്രം ഒപ്പിട്ടു വാങ്ങി. പിന്നീട് മൃതദേഹം ഏറ്റുവാങ്ങിയ ഇർഫാന, സ്വന്തംചെലവിൽ ആംബുലൻസിൽ ഉപ്പള ചെറുഗോളി പൊതുശ്മശാനത്തിലെത്തിക്കുകയായിരുന്നു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട അൻപതോളം വൃദ്ധരെ സംരക്ഷിക്കുന്ന ഉപ്പളയിലെ ശൈഖ് സാഇദ് വൃദ്ധസദനത്തിന്റെ സ്ഥാപക കൂടിയാണ് ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയായ ഇർഫാന ഇഖ്ബാൽ.

സേവാഭാരതി നോതാവായ രഘു എന്നയാള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന് സേവാ ഭാരതിയാണ് ചടങ്ങ് നടത്തിയതെന്ന അവകാശ വാദം സ്ഥാപിക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ രഘു ശ്മശാനം കമ്മിറ്റി അംഗമായതിനാലാണ് സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് ഇര്‍ഫാന പറഞ്ഞു.

ഒരുമാസം മുമ്പ് നാരായണനെ ട്രസ്റ്റ് ഏറ്റെടുക്കാന്‍ വന്നപ്പോള്‍ ആരോഗ്യ നില വഷളായിരുന്നതിനാല്‍ പൊലീസിനെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ടു. തുടര്‍ന്ന് കലക്ടര്‍ വഴി അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാരായണന് കാന്‍സറിന്റെ അവസാന ഘട്ടമായിരുന്നതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ഇര്‍ഫാന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. അതിജീവിക്കുകയാണെങ്കില്‍ ട്രസ്റ്റിലേക്ക് ഏറ്റെടുക്കാമെന്ന് കരുതിയിരുന്നു. അക്കാര്യം നാരായണന്റെ സഹോദരി കമലക്ക് വാക്ക് കൊടുത്തിരുന്നുവെന്നും ഇര്‍ഫാന പറഞ്ഞു.

നാരായണന്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ സഹോദരി കമലയെ വിളിച്ച് മൃതദേഹം കൊണ്ടുപോകുമോ എന്ന് ചോദിച്ചു. എന്നാല്‍, കൊണ്ടുപോകാന്‍ അവര്‍ തയ്യാറായില്ല. ആദ്യം തന്നെ അവര്‍ക്ക് വാക്ക് കൊടുത്തതുകൊണ്ട് ബാക്കി കാര്യങ്ങള്‍ ട്രസ്റ്റ് ഏറ്റെടുക്കാം എന്ന് കരുതിയാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

Tags:    
News Summary - Irfana Iqbal replies to Sangh Parivar over Narayanan's funeral pyre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.