കൊച്ചി: റോഡുകളിൽ സീബ്ര ലൈൻ ഇല്ലാത്തതിനാലും ഉള്ളിടത്തുതന്നെ വാഹനങ്ങൾ ഇവ അവഗണിക്കുന്നതിനാലും കാൽനടക്കാർ അപകടത്തിൽപ്പെടുന്ന വിഷയത്തിൽ ഇടപെട്ട് ഹൈകോടതി. ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും സീബ്ര ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ശ്രദ്ധ വേണമെന്ന നിർദേശവും നൽകി.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും കവലകളിലും ആദ്യ ഘട്ടമെന്ന നിലയിൽ സീബ്ര ക്രോസിങ്ങുകൾ ശാസ്ത്രീയമായി വരച്ച് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ട്രാഫിക് ഐ.ജിയും പൊതുമരാമത്ത് സെക്രട്ടറിയും ഗതാഗത കമീഷണറും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം.
ട്രാഫിക് സിഗ്നലുകൾ കാൽനടക്കാർക്കുകൂടി ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട ആദ്യ നടപടി റിപ്പോർട്ട് വിഷയം വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 23ന് സമർപ്പിക്കണം. അന്നേ ദിവസം മൂന്ന് ഉദ്യോഗസ്ഥരും ഓൺലൈനിലൂടെ കേസ് നടപടികളിൽ പങ്കെടുക്കണം.കാൽനടക്കാരൻ കഴിഞ്ഞ ദിവസം കോഴിക്കോട്ട് അപകടത്തിൽ മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ കോടതി ഇടപെടലുണ്ടായത്.
സമൂഹം ഡ്രൈവിങ് സംസ്കാരത്തെ അശ്രദ്ധയോടെ കാണുന്നുവെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ സംഭവമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം അപകടങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ട്രാഫിക് ഐ.ജിയും പൊതുമരാമത്ത് സെക്രട്ടറിയും ഗതാഗത കമീഷണറും കോടതിയിൽ മുമ്പ് പല ഉറപ്പും നൽകിയിട്ടുള്ളതാണ്. സർക്കാർ റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. എന്നിട്ടും കൊച്ചി പോലുള്ള നഗരത്തിലെ പ്രധാന റോഡുകളിൽ പോലും സീബ്ര ക്രോസിങ്ങുകൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഉള്ളവതന്നെ ശാസ്ത്രീയമല്ല.
വാഹനങ്ങൾ സീബ്ര ക്രോസിങ്ങുകൾ ഗൗനിക്കാത്തതിനാൽ പലപ്പോഴും റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് കഴിയുന്നില്ല. പൗരന്മാരുടെ ജീവിതത്തെ അപകടത്തിൽ തള്ളിവിടാനാകില്ല. വാഹനം ഓടിക്കുന്നവരുടെ രീതിവെച്ചു നോക്കിയാൽ കാൽനടക്കാരടക്കം രക്ഷപ്പെടുന്നത് ദൈവസഹായംകൊണ്ട് മാത്രമാണെന്ന് വേണം കരുതാൻ.
റോഡ് സംസ്കാരം വാക്കുകൾകൊണ്ട് മാത്രം ഉണ്ടാകില്ല. ശക്തമായ നടപടികളിലൂടെ മാത്രമേ സാധ്യമാകു. സാധാരണ പൗരന്മാരുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അനിവാര്യമായ നടപടികൾക്ക് ഫണ്ടിന്റെ അഭാവം കാരണമായി പറയില്ലെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.