കൊച്ചി: കോടതി ഉത്തരവ് പാലിക്കാത്ത റവന്യൂ ഡിവിഷനൽ ഓഫിസർക്ക് (ആർ.ഡി.ഒ) 25,000 രൂപ പിഴയിട്ട് ഹൈകോടതി. ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷ തള്ളിയത് പുനഃപരിശോധിക്കണമെന്ന നിർദേശം പാലിക്കാത്ത മുവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ വിധിച്ചത്. എറണാകുളം ചേരാനല്ലൂർ സ്വദേശി മനു ആന്‍റണി സമർപ്പിച്ച ഹരജിയിലാണ് നടപടി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ആർ.ഡി.ഒ, അത് സർക്കാർ അഭിഭാഷകനിൽ കെട്ടിവെക്കാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
തന്‍റെ ഭൂമി ഡേറ്റ ബാങ്കിൽനിന്ന് നീക്കം ചെയ്യാൻ മനു നൽകിയ അപേക്ഷ മുമ്പ് കണയന്നൂർ താലൂക്കിൽ പ്രവർത്തിക്കുമ്പോൾ ആർ.ഡി.ഒ അബ്ബാസ് തള്ളിയിരുന്നു. ഹൈകോടതിയുടെ മുൻ ഉത്തരവ് പാലിച്ച് അപേക്ഷ പുനഃപരിശോധിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും പഴയ നിലപാട് തന്നെ സ്വീകരിച്ചു. അപേക്ഷ നിരസിക്കുന്നെങ്കിൽ തൃപ്തികരമായ കാരണം വിശദീകരിക്കണമെന്ന വ്യവസ്ഥയടക്കം പാലിക്കാതെയായിരുന്നു നടപടി. നിർദേശം ലംഘിച്ചതിന് കോടതി വിശദീകരണം തേടിയപ്പോൾ, താൻ നൽകിയ സത്യവാങ്മൂലം സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയില്ലെന്ന വാദമാണ് മാധ്യമങ്ങളിലൂടെ ആർ.ഡി.ഒ പ്രചരിപ്പിച്ചത്. എന്നാൽ, ഇത് വസ്തുതാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. കാക്കനാട് സബ് കലക്ടറും അപേക്ഷ പരിശോധിച്ച് നിരസിച്ചിരുന്നു. രണ്ട് ഉത്തരവുകളും റദ്ദാക്കിയ കോടതി ഹരജിക്കാരന്‍റെ അപേക്ഷ കേസിലെ മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് മാസത്തിനകം പുനഃപരിശോധിക്കാൻ നിർദേശിച്ച് ഹരജി തീർപ്പാക്കി.
പിഴ സംഖ്യ ഒരു മാസത്തിനകം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍റെ മെഡിക്കൽ എയ്ഡ് സ്കീമിൽ അടക്കാൻ ആർ.ഡി.ഒക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയാൽ ശമ്പളത്തിൽനിന്ന് ഈടാക്കാനും കൃത്യവിലോപത്തിൽ വകുപ്പുതല നടപടി സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോടതി വിധിന്യായങ്ങൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി കൈമാറുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.