പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡിൽ നിന്നും 86,000 പേർ പുറത്തേക്ക്. ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് മൂന്ന് ലക്ഷത്തിന് മേൽ വരുമാനമുണ്ടെന്ന് കണ്ടെത്തിയ 86,000 റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ കണ്ടെത്തി കേന്ദ്രം കേരളത്തിന് കൈമാറി. ഇതുപ്രകാരം, റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണി വിലയുടെ പിഴ ഈടാക്കും.
ഇതിന്റെ ഭാഗമായി തുടർനടപടികൾക്ക് താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് പട്ടികയിൽ ഉൾപെട്ടവരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പി.എം. കിസാൻ പദ്ധതി പ്രകാരം സബ്സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങൾ കേന്ദ്ര സർക്കാർ ക്രോഡീകരിച്ചിട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടുന്ന മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും പിടിവീഴും. കുടുംബത്തിൽ ഏതെങ്കിലും ഒരംഗം ആദായനികുതി നൽകുന്നവരാണെങ്കിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.
കൂടാതെ, പുതിയ കമ്പനി രൂപവൽക്കരണം, ജി.എസ്.ടി രജിസ്‌ട്രേഷൻ തുടങ്ങിയവക്ക് അപേക്ഷിക്കുന്ന മുൻഗണന കാർഡ് അംഗങ്ങളെയും കണ്ടെത്തി അനർഹരെ ഒഴിവാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവർ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്കും പിഴ ഈടാക്കാനും നിർദേശമുണ്ട്. നിലവിലെ വിപണി നിരക്കനുസരിച്ച് അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും പിഴ ഈടാക്കും.
എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കേന്ദ്ര സർക്കാർ അനർഹരെ കണ്ടെത്തിയത്. റേഷൻ കാർഡ്, പാൻ കാർഡ് എന്നിവ ലിങ്ക് ചെയ്ത ആധാർ നമ്പർ ഉപയോഗിച്ച് എ.ഐയുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ ക്രോഡീകരിച്ചപ്പോൾ അനർഹരെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ 'സ്മാർട്ട് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം' വഴി തത്സമയം സംസ്ഥാനങ്ങൾക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്രം സജ്ജമാക്കിയത്. പരിശോധന കർശനമാക്കിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ ഈ പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.