തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന വാട്സ്ആപ് ടിക്കറ്റിങ് സംവിധാനം വ്യാഴാഴ്ച നിലവിൽ വരും. എ.ഐയുമായി ബന്ധിപ്പിച്ച വാട്സ്ആപ് നമ്പർ വഴി ചാറ്റ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണിത്. +919447071021 എന്ന നമ്പറിലാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഹായ്, എന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ ചാറ്റ് തുടങ്ങിയാൽ എവിടെ നിന്നാണ്, എങ്ങോട്ടാണ്, ഏത് തീയതിയിലാണ് തുടങ്ങിയ വിവരങ്ങൾ ഓപ്ഷൻ സ്വഭാവത്തിൽ ചാറ്റായി ലഭ്യമാകും. സർവിസ് അന്വേഷണം മുതൽ സീറ്റ് ലഭ്യത, നിരക്ക്, ബോഡിങ് - ഡ്രോപ്പിങ് പോയന്റുകൾ, പണമടക്കൽ, ക്യൂ.ആർ കോഡോടുകൂടിയ ഇ-ടിക്കറ്റ് ലഭ്യമാക്കൽ വരെയുള്ള മുഴുവൻ ബുക്കിങ് പ്രക്രിയയും വാട്സ്ആപ് ചാറ്റിൽത്തന്നെ പൂർത്തിയാക്കാം.
ആപ് ഡൗൺലോഡ് ചെയ്യുകയോ റിസർവേഷൻ പോർട്ടൽ സന്ദർശിക്കുകയോ വേണ്ടെന്നതാണ് പ്രത്യേകത. നിലവിലുള്ള റിസർവേഷൻ പ്ലാറ്റ്ഫോമായ www.onlineksrtcswift.com മായി സംയോജിപ്പിച്ചാണ് വാട്സ്ആപ് ബുക്കിങ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത്തരമൊരു സംവിധാനം പൊതുജന സേവനത്തിൽ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സിയെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.
സാധാരണ ചാറ്റ്ബോട്ടുകളിൽനിന്ന് വ്യത്യസ്തമാണ് വാട്സ്ആപ് ബുക്കിങ് സംവിധാനം. മുൻകൂട്ടി നിശ്ചയിച്ച ചോദ്യോത്തരങ്ങളിലും മെനു ക്രമത്തിലും ഒതുങ്ങുന്നതിനു പകരം സ്വാഭാവിക ഭാഷ പ്രൊസസിങ് ശേഷിയുള്ള ജെമിനി ലാർജ് ലാംഗ്വേജ് മാതൃകയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്ന ബുക്കിങ് രീതിക്ക് പകരം യാത്രക്കാരൻ സ്വന്തം വാക്കുകളിൽ എഴുതുന്ന സന്ദേശത്തിൽ നിന്നുതന്നെ പുറപ്പെടുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, തീയതി, സമയം, യാത്രക്കാരുടെ എണ്ണം എന്നിവ വേർതിരിച്ചെടുത്ത് ബുക്കിങ്ങിന് സാധിക്കുമെന്നതാണ് പ്രത്യേകത. ഗൂഗിൾ ഭാഷ ഡേറ്റബേസിൽ ലഭ്യമായ ഏതു പ്രാദേശിക ഭാഷയിലും ഇടപാട് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.