വി.ഡി. സതീശൻ
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയിലും വിരുന്ന് വിവാദത്തിലും മഴക്കെടുതിയിലെ ഏകോപനത്തിലുമടക്കം പ്രതിപക്ഷം കടന്നാക്രമണം കടുപ്പിക്കുമ്പോഴും മുഖ്യമന്ത്രിക്കായി പ്രതിരോധമുയർത്താതെ കോൺഗ്രസ്.
ഒരു ഭാഗത്ത് സി.പി.എം സൈബർ വിഭാഗവും മറുഭാഗത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റംഗങ്ങളുമടക്കം രൂക്ഷ വിമർശനമുന്നയിക്കുമ്പോഴാണ് കോൺഗ്രസ് ക്യാമ്പിലെ നിസ്സംഗത. മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തി തന്റെ ഭാഗം വിശദീകരിച്ച ശേഷവും പ്രതിരോധ കവചം തീർക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല.
സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിന് വേണ്ടി ശബ്ദിക്കാറുള്ള സജീവ അക്കൗണ്ടുകളും ഇക്കാര്യത്തിൽ നിശ്ശബ്ദം. വി.ഡി. സതീശന്റെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും മാത്രം രാഷ്ട്രീയ ബാധ്യതയായി ഈ വിവാദങ്ങളെ കാണും വിധമാണ് കോൺഗ്രസ് ക്യാമ്പിന്റെ നീക്കങ്ങൾ. മാധ്യമങ്ങൾ പ്രതികരണമാരായുമ്പോഴുള്ള മന്ത്രിമാരുടെ ഒറ്റപ്പെട്ട പ്രതികരണങ്ങൾ മാത്രമാണ് അപവാദം. അതിൽ തന്നെ വൈരുധ്യങ്ങളുമുണ്ട്.
ഹെലികോപ്റ്റർ യാത്ര നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച എന്ന ഔദ്യോഗിക ആവശ്യത്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചപ്പോൾ, ‘പോകുന്ന വഴിക്ക് ബന്ധുവിനെ കണ്ടതിൽ എന്താണ് തെറ്റെന്നാ’യിരുന്നു ചില മന്ത്രിമാരുടെ ചോദ്യം. എന്നാൽ ഇതാകട്ടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണത്തെ റദ്ദാക്കുന്നതിന് തുല്യമായി. ഭരണപക്ഷത്തിനുള്ളിലെ ഇത്തരം പരസ്പരവിരുദ്ധ പ്രതികരണങ്ങളെ പ്രതിപക്ഷം തന്ത്രപരമായി ഉപയോഗിച്ചുവെന്ന് മാത്രമല്ല, സർക്കാർ നൽകുന്ന ന്യായീകരണങ്ങൾ വ്യാജമാണെന്ന് വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
കെ.പി.സി.സി പുനഃസംഘടന അനിശ്ചിതമായി വൈകുകയും നേതൃശൂന്യത രൂക്ഷമാവുകയും ചെയ്തതിന്റെ ഫലം കൂടിയാണ് നിലവിലെ പ്രതിസന്ധി. പാർട്ടിയുടെ ശേഷിക്കുന്ന സംഘടന സംവിധാനമാകട്ടെ ഇക്കാര്യങ്ങളിൽ ഇടപെടലുകൾക്കൊന്നും തയാറായതുമില്ല. വിവാദങ്ങൾ ഉയർന്നുവന്ന ഘട്ടത്തിൽ കൃത്യമായ ഒരു ഔദ്യോഗിക ലൈൻ രൂപീകരിക്കുന്നതിൽ കോൺഗ്രസ് മാധ്യമ വിഭാഗവും പരാജയപ്പെട്ടു.
ഇതിന് പുറമേ മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ വിമർശനങ്ങളുടെ ധാർമിക ബാധ്യത മുതൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഗ്രൂപ് അകൽച്ചകൾ വരെ ഈ നിസ്സംഗതക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത് ധൂർത്താണെന്നും അഴിമതിയാണെന്നും വർഷങ്ങളോളം പ്രചാരണം നടത്തിയ കോൺഗ്രസിന്, അതേ ഹെലികോപ്റ്റർ യാത്രകളെ ന്യായീകരിക്കേണ്ടി വരുന്നതിലെ ധാർമിക പ്രതിസന്ധിയാണ് ഇതിലൊന്ന്. ടെലിവിഷൻ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്നത് രാഷ്ട്രീയമായി സുരക്ഷിതമല്ലെന്ന സമീപനമാണ് പാർട്ടിയുടെ രണ്ടാം നിര നേതാക്കൾക്കുള്ളത്. ഭരണമാറ്റത്തിന് ശേഷം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ്സമവാക്യങ്ങൾ വി.ഡി. സതീശന് ഏകകണ്ഠമായ പിന്തുണ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.