കൊച്ചി: കേരള സാങ്കേതിക (കെ.ടി.യു), ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാർ വെള്ളിയാഴ്ച വരെ തുടരാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. സർവകലാശാലകളുടെ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ, ഗവേണിങ് ബോഡി തുടങ്ങിയവയുടെ നിർദേശമുണ്ടായാൽ പോലും നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന നിർദേശത്തോടെയാണ് തൽസ്ഥിതി തുടരാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
രണ്ട് താൽക്കാലിക വി.സിമാരെയും ഗവർണർ കൂടിയായ ചാൻസലർ നിയമിച്ചത് നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറും വി.സിമാരും നൽകിയ അപ്പീൽ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. തുടർന്ന് വ്യാഴാഴ്ച ഉച്ചക്കുശേഷം വാദം തുടരാൻ ഹരജികൾ മാറ്റി. സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ അന്നത്തെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത് സർവകലാശാല നിയമങ്ങളിലെ വകുപ്പുകൾ പ്രകാരം നിലനിൽക്കുന്നതല്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ, നിയമന കാലാവധി മേയ് 27ന് പൂർത്തിയാകുന്നതിനാൽ അതുവരെ തുടരാമെന്നും വ്യക്തമാക്കിയിരുന്നു.
പ്രസക്തമായ വസ്തുതകളും നിയമവും പരിഗണിക്കാതെയുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് തെറ്റാണെന്ന് ചാൻസലറുടെയും വി.സിമാരുടെയും അഭിഭാഷകർ വാദിച്ചു. താൽക്കാലിക വി.സി നിയമനത്തിന് ശിപാർശ ചെയ്ത് സർക്കാറിന്‍റെ പട്ടിക ചാൻസലർക്ക് നൽകാമെങ്കിലും യു.ജി.സി ചട്ടം പാലിച്ച് നിയമനം നടത്താൻ ചാൻസലർക്ക് അധികാരമുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. വി.സി നിയമനം സംബന്ധിച്ച് ബന്ധപ്പെട്ട സർവകലാശാല നിയമങ്ങളിലെ ചില വ്യവസ്ഥകൾ 2018ലെ യു.ജി.സി റെഗുലേഷന് വിരുദ്ധമാണെന്നത് കോടതി പരിഗണിച്ചിട്ടില്ല.
യു.ജി.സി ചട്ടങ്ങളാണ് പരമപ്രധാനമെന്ന മുൻ കോടതി ഉത്തരവുകളും പരിഗണിച്ചിട്ടില്ല. വി.സിമാരുടെ സ്ഥിരനിയമനത്തിന് സെലക്ഷൻ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കാത്തത് സർക്കാറാണെന്നും നിയമ നടപടികളിൽ കുടുങ്ങി സ്ഥിരനിയമനം നീളുകയാണെന്നും ചാൻസലറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, സെലക്ഷൻ കമ്മിറ്റി സർക്കാർ രൂപവത്കരിച്ച് സ്ഥിരനിയമനത്തിന് നടപടികൾ ആരംഭിച്ചിരുന്നതായി സർക്കാർ വാദിച്ചു. അധികാരമില്ലാതെയാണ് ചാൻസലർ സെലക്ഷൻ കമ്മിറ്റിയുണ്ടാക്കിയത്. ഇത് ചോദ്യംചെയ്യുന്ന ഹരജികളിൽ നിയമനടപടികൾ പരിഗണനയിലാണെന്നും സർക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.