കൊച്ചി: സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളിലും വിവാഹമടക്കം ചടങ്ങുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ച് ഹൈകോടതി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ നിരോധനം നടപ്പാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ബ്രഹ്മപുരം തീപിടിത്തത്തെതുടർന്ന് സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്.
വിവാഹമടക്കം ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പരിപാടികൾ എന്നിവയിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റുകൾ, കപ്പ്, സ്പൂൺ, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിർദേശിച്ചു.
നിർദേശങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് എന്നിവർ മുഖേന കർശനമായി നടപ്പാക്കണം. ചീഫ് സെക്രട്ടറി, തദ്ദേശഭരണ സ്പെഷൽ സെക്രട്ടറി എന്നിവർക്കാണ് നടപടികളുടെ ഏകോപനച്ചുമതല.
പ്ലാസ്റ്റിക്കും അത് കലർന്ന വസ്തുക്കളും ദ്രാവകവും മനുഷ്യനടക്കം ജീവജാലങ്ങൾക്ക് ഭീഷണിയാണെന്നും പ്ലാസ്റ്റിക് സംസ്കരണം ലോകവ്യാപക പ്രശ്നവുമാണെന്ന് കോടതി വിലയിരുത്തി.
ബദൽ കണ്ടെത്താത്ത സാഹചര്യത്തിൽ അതിന്റെ ദുരിതം പരമാവധി കുറക്കുകയാണ് ലക്ഷ്യം. പല ഉത്തരവുകളിലൂടെയും സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കൽ പ്ലാസ്റ്റിക് വ്യാപകമാണ്. മലിനീകരണ വിമുക്ത പരിസ്ഥിതിയെന്ന പൗരന്റെ മൗലികാവകാശവും സമാനമായ കടമകളും പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
• മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജല കിയോസ്കുകൾ സ്ഥാപിക്കണം. ഗ്ലാസ്, ലോഹക്കുപ്പികളിൽ ശുദ്ധജലം വിൽപനക്ക് ഒരുക്കണം.
• ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുമായി മലയോര വിനോദ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതു തടയണം.
• ജലസ്രോതസ്സുകളിൽ പ്ലാസ്റ്റിക് തള്ളുന്നത് തടയാൻ നടപടി വേണം. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്ഥിരം സംവിധാനം വേണം.
• ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണവും ദൃശ്യ, അച്ചടി മാധ്യമങ്ങളുടെ കാമ്പയിനും ഉണ്ടാകണം.
• പ്ലാസ്റ്റിക് ഉൽപന്ന നിർമാണ ചട്ടങ്ങൾ കർശനമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.