ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതിക്ക്​ പഠനം തുടരാൻ​ ഹൈകോടതിയുടെ അനുമതി

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സഹപാഠി ഡോ. റുവൈസിന്​ പഠനം തുടരാമെന്ന്​ ഹൈകോടതി. പി.ജി വിദ്യാർഥിയായ റുവൈസിനെ പഠനം തുടരാൻ അനുവദിച്ചില്ലെങ്കിൽ അപരിഹാര്യമായ നഷ്ടം വരുത്തുമെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസിന്‍റെ ഉത്തരവ്​. ഒരാഴ്ചക്കകം പ്രവേശനം അനുവദിക്കണം. ഇതിന്റെ പേരിലുണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങൾ തടയാൻ കോളജ്​ അധികൃതർ മുൻകരുതലെടുക്കണം. റുവൈസിനെ സസ്​പെൻഡ്​ ചെയ്യുകയും​ പഠനം വിലക്കുകയും ചെയ്ത ആരോഗ്യ സർവകലാശാല ഉത്തരവും​ സിംഗിൾ ബെഞ്ച്​ സ്​റ്റേ ചെയ്തു.

ജാമ്യം ലഭിച്ച റുവൈസ്​ സസ്‌പെൻഷൻ പിൻവലിച്ച് പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്. ഗുരുതര കുറ്റകൃത്യമാണ്​ ഇയാൾക്കെതിരെ ഉന്നയിച്ചിട്ടുള്ളതെങ്കിലും തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരുന്നതിന്​ തടസ്സമാകില്ലെന്ന്​ കോടതി വ്യക്തമാക്കി. ക്ലാസിൽ മതിയായ ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ, കുറ്റവാളികൾക്കുപോലും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നും അത്​ പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഡിസംബർ നാലിനാണ് ഡോ. ഷഹന ജീവനൊടുക്കിയത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്ന് മുടങ്ങിയതിനാൽ ഷഹന ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യപ്രേരണക്കുറ്റത്തിന്​ പുറമെ സ്ത്രീധന നിരോധനനിയമ പ്രകാരമുള്ള കുറ്റങ്ങൾകൂടി ചുമത്തിയാണ് റുവൈസിനെതിരെ കേ​സെടുത്തിരിക്കുന്നത്.

Tags:    
News Summary - High court allows the accused to continue his studies in Dr Shahana Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.